പ്രതിസന്ധികളിലൂടെ ഇഴഞ്ഞു നീങ്ങിയ ഇന്ത്യന്‍ സമ്പദ്ഘടനയെ അടിമുടി മാറ്റികൊണ്ട് ലോകത്തെ ആദ്യ അഞ്ചു സാമ്പത്തിക ശക്തികളില്‍ ഒന്നാക്കി വളര്‍ത്തിയെടുത്ത ഒരു സാമ്പത്തിക വിദഗ്ദനായിരുന്നു ഡോ.മന്‍മോഹന്‍ സിങ്ങ്. ഇന്ത്യന്‍ വിപണി ലോകത്തിനു മുമ്പാകെ തുറന്നുകൊടുത്ത വിപ്ലവകരമായ ഒരു ബഡ്ജറ്റാണ് അവതരിപ്പിച്ച് ഒരു ധനമന്ത്രിയായിരുന്നു ഡോ.സിങ്ങ്. 2004 മുതല്‍ പത്തു വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ഡോ. സിങ് ലോകമറിയപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. സാമ്പത്തിക വിഷയങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഏതൊരു നേതാവിനും ഏതു സമയത്തും ആശ്രയിച്ചിരുന്ന ഉപദേഷ്ടാവു കൂടിയായിരുന്നു.ഡോ. സിങ്ങ്
പഠനത്തിനുശേഷം ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഡോ.സിങ്ങിനെ വാണിജ്യ വ്യവസായ വകുപ്പില്‍ ഉപദേശകനായി നിയമിക്കുന്നത്. ഇരുപതു വര്‍ഷക്കാലം സര്‍ക്കാരിന്റെ പല സ്ഥാനമാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 1971 ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ്, 1972 ല്‍ ചീഫ് എകണോമിക് അഡ് വൈസര്‍, 1976 ല്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ 1982 ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍, 1985 ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍, 1991 പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, അതോടൊപ്പം യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ഇതോടൊപ്പം തന്നെ ലോക വ്യാപാര സംഘടനയിലും ലോക ബാങ്കിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.
യു.ജി.സി. ചെയര്‍മാനായിരിക്കുമ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു തന്റെ മന്ത്രിസഭയിലേക്ക് മന്‍മോഹന്‍ സിങ്ങിനെ ക്ഷണിക്കുന്നത്. ധനമന്ത്രിയായതിനു ശേഷമാണ് അദ്ദേഹം രാജ്യസഭയിലൂടെ അസംമില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗമാകുന്നത്. ഉദാരവല്‍ക്കരണം ആദ്യമായി നടപ്പാക്കുവാന്‍ തീരുമാനമുണ്ടായത് അദ്ദേഹം ധനമന്ത്രിയായിരിക്കുമ്പോഴാണ്. പക്ഷേ അത് പ്രശംസയേക്കാളേറെ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് രാജ്യത്തെ സുപ്രധാന പദവി നല്‍കിയതില്‍ ഒട്ടേറെ വിമര്‍ശനങ്ങളുണ്ടായി. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുവരെ ജനം പരിഹസിച്ചു. പക്ഷേ അതിനുശേഷം ചുമതലയേറ്റെടുത്ത ധനമന്ത്രിമാരെല്ലാം അദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്ന് ഉദാരവത്കരണം ശക്തമാക്കുകയാണുണ്ടായത് എന്നു നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും.
വലിയ രാഷ്ട്രീയ നാടകത്തിനൊടുവില്‍ 2004ല്‍ യു.പി.എ. സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേറ്റെടുത്തു. സോണിയ ഗാന്ധിയെയായിരുന്നു പ്രധാനമന്ത്രിയായി ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഖ്യകക്ഷികളു ഒന്നടങ്കം നിര്‍ദ്ദേശിച്ചത്. പക്ഷേ ഒരു വിദേശ വനിത പ്രധാന മന്ത്രിയാകുവാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ബി.ജെ.പി. രാജ്യത്ത് ഒരു കലാപവും ഭിന്നിപ്പും ഉണ്ടാകാതിരിക്കുവാന്‍ സോണിയാജി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഞാനില്ലെന്ന് ശക്തമായ നിലപാടെടുത്തു.
അഴിമതി വീരന്‍മാരായ മന്ത്രിമാരും നേതാക്കന്‍മാരുമൊക്കെ രാജിവെച്ചൊഴിയുവാന്‍ വിസമ്മതിക്കുന്നു ഈ ഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച സോണിയ ഗാന്ധിയുടെ തീരുമാനം പ്രശംസനീയമര്‍ഹീക്കുന്നു.
സോണി ഗാന്ധിക്കു പകരം മറ്റാരെന്ന ചോദ്യത്തിനു മന്‍മോഹന്‍ സിങ്ങ് എന്ന ഒരുത്തരമേയുണ്ടായുള്ളൂ. ഇടതു പക്ഷം പോലും അദ്ദേഹത്തെ പിന്തുണച്ചു.
പേരിനും പ്രശസ്തിക്കും വേണ്ടി അദ്ദേഹം ഇക്കാലമത്രയും ഒന്നും ചെയ്തിരുന്നില്ല. സര്‍ക്കാര്‍ ചെല്ലുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളുമൊക്കെ തന്റെ പേരില്‍ അറിയപ്പെടേണ്ടെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്ങ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഭരണാധികാരി എന്താണോ ചെയ്യേണ്ടത് അത് കൃത്യമായി പരിപാലിച്ചു വന്ന പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കൈയ്യിലെടുക്കുവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അദ്ദേഹം അധികാര മോഹിയായ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല എതിരാളികള്‍ക്കെതിരെ ഒരു രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പോലും അദ്ദേഹം നടത്തിയിട്ടുള്ളതില്‍ മാന്യതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ പോലും മന്‍മോഹന്‍ സിങ്ങിന്റെ പേര് ഉയര്‍ന്നു വന്നിട്ടില്ല.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശില്പിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അതുല്യമായ ജ്ഞാനവും വിനയവും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മന്‍മോഹന്‍സിങ് നല്‍കിയ സംഭാവനകള്‍ മറക്കാനാവുന്നതല്ല.
അ്ദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യക്കും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനും തീരാനഷ്ടമാണ്. ഒട്ടും രാഷ്ട്രീയക്കാരനല്ലായിരുന്ന ആ നീലത്തലപ്പാലുകാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചു. തകരാറിലായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തി. ഒച്ചപ്പാടുകളും അവകാശവാദങ്ങളുമൊന്നുമില്ലാതെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പോയി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ. കേരളാഘടകത്തിന്റെ ആദരാജഞലികള്‍ അദ്ദേഹത്തിന് അര്‍പ്പിക്കുന്നു.
സതീശന്‍ നായര്‍
പ്രസിഡന്റ്,
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി)
കേരളാ ചാപ്റ്റര്‍.