കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമെന്ന് വിദഗ്ധര്‍. ലണ്ടനിലെ കിങ്‌സ് കോളജിലെ ജനറ്റിക് എപ്പിഡെമോളജി പ്രഫസര്‍ ടിം സ്‌പെക്ടറിന്റെ അഭിപ്രായത്തില്‍ വിശപ്പ് നഷ്ടമാകുന്നതും മനംമറിച്ചിലും ഒമിക്രോണ്‍ ബാധിച്ചവരില്‍ കാണപ്പെട്ട രോഗലക്ഷണങ്ങളാണ്. ഇവ കോവിഡ് വാക്‌സീന്‍ എടുത്തവരിലും ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും കൂടി കാണപ്പെടുന്നതായും ടിം പറയുന്നു. ചിലര്‍ക്ക് ഇതിനു പുറമേ തൊണ്ടവേദന, തലവേദന, ചെറിയ ചൂട് പോലുള്ള ലക്ഷണങ്ങളും ഉണ്ടാകുന്നു.
മണവും രുചിയും നഷ്ടമാകല്‍ ഒമിക്രോണുമായി ബന്ധപ്പെട്ട് അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സിംഗിള്‍ സെല്‍ ഡയഗണസ്റ്റിക് കമ്പനിയായ ഇന്‍സെല്‍ഡിഎക്‌സിനായി ജോലി ചെയ്യുന്ന ഡോ. ബ്രൂസ് പാറ്റേഴ്‌സണ്‍ അഭിപ്രായപ്പെടുന്നു. ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ പലതും പാരഇന്‍ഫ്‌ളുവന്‍സ എന്ന വൈറസിന്റേതുമായി സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാത്രിയിലുണ്ടാകുന്ന അത്യധികമായ വിയര്‍പ്പാണ് ഒമിക്രോണ്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അത്ര സാധാരണമല്ലാത്ത മറ്റൊരു ലക്ഷണം. അണിഞ്ഞിരിക്കുന്ന വസ്ത്രം മാറ്റേണ്ടി വരുന്ന തരത്തില്‍ രോഗി വിയര്‍ക്കുമെന്ന് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോ. അമീര്‍ ഖാന്‍ ദ സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. അമേരിക്കയിലും യുകെയിലും ഡെല്‍റ്റയെ പിന്തള്ളി പ്രബലമായ കോവിഡ് വകഭേദമാകാനും ഒമിക്രോണിന് സാധിച്ചു.