കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം. ഹൈദരാബാദ് ഐയിംസ്, നാഗ്പൂര്‍ ഐയിംസ്, ആര്‍വിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.
ഈ തരംഗം കോവിഡ് രോഗികളുടെ തലച്ചോറിന്റെ ധാരണാശേഷിയെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് കണ്ടെത്തല്‍. പനി, മണവും രുചിയും നഷ്ടമാകല്‍, ചുമ എന്നിവ മൂന്ന് തരംഗങ്ങളിലും പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു.
അതേ സമയം കണ്ണ് ദീനം, ശരീര വേദന, ചര്‍മത്തിലെ തിണര്‍പ്പുകള്‍, തൊണ്ട വേദന, അതിസാരം എന്നിവ രണ്ടും മൂന്നും കോവിഡ് തരംഗങ്ങളിലാണ് കാണപ്പെട്ടത്. കൈയിലെയും കാലുകളിലെയും വിരലുകളുടെ നിറം മാറുന്ന കോവിഡ് ടോസ് എന്ന ലക്ഷണവും രണ്ടും മൂന്നും കോവിഡ് തരംഗങ്ങളുടെ പ്രത്യേകതയാണ്.
മിതമായ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പോലും കോവിഡ് മൂലം തലച്ചോറിന് ദീര്‍ഘകാല പ്രശ്‌നങ്ങളുണ്ടാകാമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 65 വയസ്സിന് മുകളിലുള്ള രോഗികളില്‍ മതിഭ്രമം പോലുള്ള തലച്ചോറിന്റെ ധാരണാശേഷിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ആശുപത്രി ബാധിതരായ കോവിഡ് രോഗികളില്‍ 20 ശതമാനം പേര്‍ക്കും ആശയക്കുഴപ്പം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, പെട്ടെന്ന് ദേഷ്യം വരല്‍ പോലുള്ള ദീര്‍ഘകാല ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായി ഹോര്‍മോണ്‍ മോളിക്യുലര്‍ ബയോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിന്റെ ധാരണശേഷിക്കൊപ്പം രോഗികളുടെ ജീവിത നിലവാരവും കുറയുന്നതായും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.