കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ്. ഇതില്‍ സുപ്രധാന സ്ഥാനം പ്രോട്ടീനിനാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ ശരിയായി നടക്കണമെങ്കില്‍ പ്രോട്ടീന്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രോട്ടീന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും ഫെബ്രുവരി 27 ലോക പ്രോട്ടീന്‍ ദിനമായാണ് ആചരിച്ചുവരുന്നത്.
ലോക പ്രോട്ടീന്‍ ദിനം: ചരിത്രം
മെച്ചപ്പെട്ട പോഷകഹാരവും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ പ്രോട്ടീനും പങ്കുണ്ടെന്ന് ജനങ്ങളെ അറിയിക്കുന്നതിനായി യുഎസ് സോയാബീന്‍ എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍ മുന്‍കൈയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ലോക പ്രോട്ടീന്‍ ദിനമെന്ന ആശയവും ഉരുത്തിരിഞ്ഞത്. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നിരവധി സംഘടനകളും വിദഗ്ധരും ഈ ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. പ്രോട്ടീന്‍ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ലോക പ്രോട്ടീന്‍ ദിനം: പ്രാധാന്യം
ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീന്‍ കഴിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ അറിയിക്കുന്നതിനായാണ് വര്‍ഷം തോറും ഫെബ്രുവരി 27 ലോക പ്രോട്ടീന്‍ ദിനമായി ആചരിക്കുന്നത്. പേശികളുടെ ആരോഗ്യം, ശരീരഭാരം നിയന്ത്രിക്കല്‍, പ്രതിരോധ ശക്തി, ഹോര്‍മോണുകളുടെ നിയന്ത്രണം എന്നിവയ്ക്ക് പ്രോട്ടീന്‍ അനിവാര്യമാണ്. അതിനാല്‍ പ്രോട്ടീനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭക്ഷണത്തില്‍ അവ ഉള്‍പ്പെടുത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പോഷകാഹാരക്കുറവ്, അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍, എന്നിവയ്ക്ക് പരിഹാരം കാണാന്‍ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം.
ലോക പ്രോട്ടീന്‍ ദിനം: എങ്ങനെ ആഘോഷിക്കാം?
1. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം പാചകം ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിളമ്പുക.
2. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ചുകൂട്ടി പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണത്തെപ്പറ്റിയും അവ കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചര്‍ച്ച ചെയ്യുക.
3. ഒരു ഡയറ്റീഷ്യന്റെ നേതൃത്വത്തില്‍ വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിക്കുക.
4. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക.
ലോക പ്രോട്ടീന്‍ ദിനം: ഉദ്ധരണികള്‍
– ’ ആരോഗ്യകരമായ ശരീരത്തിനും പേശിനിര്‍മാണത്തിനും പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്’
– ‘പ്രോട്ടീന്‍ ഒഴിവാക്കരുത്. ശരീരത്തിന്റെ ബില്‍ഡിംഗ് ബ്ലോക്ക് ആണ് പ്രോട്ടീന്‍,’
-‘സമീകൃതാഹാരം കഴിച്ച് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുക. ധാരാളം പ്രോട്ടീന്‍ കഴിക്കുക’.
ഒരു ദിവസം എത്ര അളവില്‍ പ്രോട്ടീന്‍ കഴിക്കണം?
50 വയസും 63 കിലോഗ്രാം ശരീരഭാരവുമുള്ള ഒരു സ്ത്രീ പ്രതിദിനം 53 ഗ്രാം പ്രോട്ടീന്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണം. ഗര്‍ഭിണികള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കായി 75 മുതല്‍ 100 ഗ്രാം വരെ പ്രോട്ടീന്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു.