തത്തകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പാരറ്റ് ഫീവര്‍ ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ സിറ്റകോസിസ് എന്ന് കൂടി അറിയപ്പെടുന്ന പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
വനത്തിലോ വീട്ടില്‍ വളര്‍ത്തുന്നതോ ആയ പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് മരണപ്പെട്ടവര്‍ എല്ലാവരും. വളര്‍ത്തു പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍, ഡോക്ടര്‍മാര്‍, പക്ഷികളുടെ ഉടമകള്‍, വൈറസ് വ്യാപനമുള്ള ഇടങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു.
450ലധികം പക്ഷി ജനുസ്സുകള്‍ക്ക് പുറമേ പട്ടി, പൂച്ച, കുതിര, പന്നി, ഉരഗങ്ങള്‍ എന്നിവയിലും ക്ലമിഡോഫില സിറ്റാക്കിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യരിലേക്ക് ഈ ബാക്ടീരിയ പടര്‍ത്തുന്നത് കൂടുതലും തത്തകള്‍, പ്രാവുകള്‍, ഫിഞ്ച് എന്നയിനം കുരുവികള്‍, കാനറി പക്ഷികള്‍ എന്നിവയാണ്. പക്ഷികളുടെ ഉണങ്ങിയ വിസര്‍ജ്യങ്ങള്‍, ഇവ ശ്വസിക്കുമ്പോള്‍ പുറത്ത് വരുന്ന സ്രവങ്ങള്‍, തൂവലുകളിലെ പൊടികള്‍ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ബാക്ടീരിയ എത്തുക.
പക്ഷികള്‍ വഴി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ഈ ബാക്ടീരിയ പടരാമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുമെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പക്ഷികളെ വളര്‍ത്തുന്നവര്‍ അവയുടെ കൂട് വൃത്തിയായി സൂക്ഷിക്കണമെന്നും കാഷ്ഠം പടരാത്ത തരത്തില്‍ കൂടുകള്‍ സജ്ജീകരിക്കണമെന്നും നിറയെ പക്ഷികളെ ഒരു കൂട്ടില്‍ നിറയ്ക്കരുതെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ നര്‍ദ്ദേശിക്കുന്നു .