ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ക്ക് കാന്‍സറെന്ന ഭീതിദമായ അന്തരീക്ഷം നിലനില്‍ക്കുന്നു. വൈദ്യശാസ്തം ഇന്നും മുട്ടുമടക്കുന്ന മഹാമാരിയാണ് കാന്‍സര്‍. രോഗനിര്‍ണയത്തിലും ചികിത്സയിലും അതിജീവനത്തിലും ഇനിയും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ബാക്കിയാക്കുന്ന കാന്‍സര്‍ ഇന്നും സമൂഹത്തിന്റെ പേടിസ്വപ്നമാണ്.
അതുകൊണ്ടാണ് അടുത്തിടെ മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ നിന്നു കേട്ട അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത രോഗികള്‍ക്കും കാന്‍സര്‍ ചികിത്സാരംഗത്തെ ഡോക്ടര്‍മാര്‍ക്കും വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍.
കാന്‍സറിനെ അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാന്‍ ഈ ‘അദ്ഭുത ഗുളിക’യ്ക്കു സാധിക്കുമെന്നാണ് രാജ്യത്തെ മുന്‍നിര കാന്‍സര്‍ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നത്. റേഡിയേഷന്‍, കീമോതെറപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങള്‍ പകുതിയാക്കി കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേവലം 100 രൂപ മാത്രം ചെലവു വരുന്ന ഒരു ഗുളിക കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാമെന്ന അവകാശവാദത്തെ സംശയത്തോടെയും ആശങ്കയോടെയുമാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്. 10 വര്‍ഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയര്‍ സര്‍ജനുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറയുന്നു.
അതേസമയം, ഗവേഷകര്‍ അവകാശപ്പെടുന്നത് യാഥാര്‍ഥ്യമായാല്‍ ലോകമൊട്ടാകെയുള്ള കാന്‍സര്‍ രോഗികളുടെ ഇരുളടഞ്ഞ ജീവിതത്തിലേയ്ക്ക് പുതിയ പ്രതീക്ഷയായിരിക്കും തുറന്നുകിട്ടുക.