Saturday, April 19, 2025

HomeHealth and Beautyമൊബൈലും കണ്ട് രാത്രി വൈകി കിടക്കുന്നതാണ് ഇന്ത്യക്കാരുടെ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നതെന്ന് പഠനം

മൊബൈലും കണ്ട് രാത്രി വൈകി കിടക്കുന്നതാണ് ഇന്ത്യക്കാരുടെ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നതെന്ന് പഠനം

spot_img
spot_img

നേരം വൈകി കിടക്കുന്നതും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും ഇന്ത്യക്കാരുടെ ഉറക്കം താളം തെറ്റിക്കുന്നുവെന്ന് പഠനം.

രാജ്യത്തുടനീളമുള്ള ആളുകളില്‍ ഉറക്കക്കുറവ് വലിയ ആശങ്കയായി തുടരുന്നുവെന്ന് വേക്ക്ഫിറ്റ് ഡോട്ട് കോം(Wakefit.co) പുറത്തിറക്കിയ ദ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡ് (The Great Indian Sleep Scorecard’ -GISS)2025ല്‍ പറയുന്നു. 2024 മാര്‍ച്ച് മുതല്‍ 2025 ഫെബ്രുവരിയുള്ള കാലയളവില്‍ 4500 പേരില്‍ നടത്തിയ സര്‍വെയില്‍ രാത്രി വൈകിയുള്ള ഉറക്കവും അമിതമായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും ഉറക്കം താളം തെറ്റിക്കുന്നതായി കണ്ടെത്തി. ഇത് മാനസികവും ശാരീരകവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് ചെയ്തു.

നല്ല ഉറക്കം ഇല്ലാതെയാകുന്നു

വിദഗ്ധര്‍ നിര്‍ദേശിക്കുന്നതിനേക്കാള്‍ വൈകിയാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഉറങ്ങുന്നതെന്ന് GISS 2025 റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും 11 മണിക്ക് ശേഷമാണ് ഉറങ്ങുന്നത്. ഇത് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഉറക്കസമയമായ രാത്രി 10 മണിയേക്കാള്‍ ഏറെ വൈകിയാണ്. രാവിലെ 44 ശതമാനം പേരും ഉറക്കച്ചടവോടെയാണ് എഴുന്നേല്‍ക്കുന്നത്. ഇത് ഗുണമേന്മയില്ലാത്ത ഉറക്കത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. മാനസിക സമ്മര്‍ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ മൂലവും 35 ശതമാനം പേര്‍ക്കും ഉറക്കമില്ലെന്നും പഠനം വ്യക്തമാക്കി. ഇത് ഉറക്കപ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതായും സര്‍വെ സൂചിപ്പിക്കുന്നു.

ഉറക്കശീലങ്ങളിലെ ലിംഗഭേദവും പ്രാദേശിക വ്യതിയാനങ്ങളും

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലിംഗപരമായ വ്യതിയാനവും പ്രാദേശിക വ്യത്യാസങ്ങളും പ്രകടമാണ്. സ്ത്രീകളില്‍ 59 ശതമാനം പേരും രാത്രി 11 മണിക്ക് ശേഷമാണ് ഉറങ്ങുന്നതെന്നും 50 ശതമാനം പേര്‍ക്കും രാവിലെ ക്ഷീണം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, സമയം 42 ശതമാനം പുരുഷന്മാര്‍ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. 13 ശതമാനം സ്ത്രീകള്‍ രാത്രിയില്‍ ഉറക്കത്തിനിടെ പലതവണ ഉണരുന്നുണ്ട്. പുരുഷന്മാരില്‍ 9 ശതമാനം പേരാണ് രാത്രിയില്‍ ഉറക്കത്തിനിടെ ഉണരുന്നത്.

രാത്രി 11 മണിക്ക് ശേഷം ഉറങ്ങുന്നവര്‍ ഏറ്റവു കൂടുതലുള്ളത് കൊല്‍ക്കത്തയിലാണ്(72.8 ശതമാനം). അതേസമയം, ചെന്നൈയും ഹൈദരാബാദും ഇതില്‍ ഏറ്റവും പിന്നലാണ്. എന്നാല്‍, ഉറക്കമുണരുമ്പോള്‍ ഉന്മേഷം അനുഭവപ്പെടാത്ത വ്യക്തികളുടെ എണ്ണത്തില്‍ കൊല്‍ക്കത്തയും ചെന്നൈയുമാണ് മുന്നിലുള്ളത്(56 ശതമാനം).

ഉറക്കത്തിലെ ഡിജിറ്റല്‍ സ്വാധീനം

ഉറക്കത്തിന്റെ മോശം നിലവാരവും അമിതമായ ഫോണ്‍ ഉപയോഗവും തമ്മിലുള്ള ബന്ധം അല്‍പം ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോണ്‍ ഉപയോഗിക്കുന്നതായി 84 ശതമാനം പേരും സമ്മതിച്ചു. അത് ഉറക്കം കിട്ടാന്‍ തടസ്സപ്പെടുത്തുകയും ഇടയ്ക്കിടയ്ക്ക് ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏറെ വൈകിയും ഉണര്‍ന്നിരിക്കാനുള്ള കാരണമായി ഏകദേശം 51 ശതമാനം പേരും മൊബൈലിന്റെ ഉപയോഗമാണ് ചൂണ്ടിക്കാട്ടിയത്. രാത്രിയില്‍ ഉറക്കമില്ലാത്തതിനാല്‍ 59 ശതമാനം പേര്‍ക്കും ജോലി സ്ഥലത്ത് പകല്‍ ഉറക്കം വരാറുണ്ടെന്നും സമ്മതിച്ചു.

25നും 30 ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് ഉറങ്ങുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഗുരുഗ്രാം(94 ശതമാനം), ബംഗളൂരു(90 ശതമാനം)എന്നിവടങ്ങളിലാണ് ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപയോഗം റിപ്പോര്‍ട്ട് ചെയ്തത്.

ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥിരമായ ഉറക്കപ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സര്‍വെയിലെ കണ്ടെത്തല്‍. പ്രതികരിച്ചവരില്‍ 51 മുതല്‍ 58 ശതമാനം പേരും കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈകിയാണ് കിടക്കുന്നതെന്ന് പറഞ്ഞു. മൂന്നില്‍ ഒരാള്‍ക്ക് ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രാവിലെയുണരുമ്പോഴുള്ള ക്ഷീണം, പകല്‍ ജോലി സമയത്തും ഉറക്കം അനുഭവപ്പടല്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ്.

മികച്ച ഉറക്കത്തിലേക്കുള്ള മാറ്റം

ഉറക്കക്കുറവ് മിക്കവരിലും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഗുണനിലവാരമുള്ള ഉറക്കത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ അവബോധം വര്‍ധിച്ചു വരുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീന്‍ സമയം കുറയ്ക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 38 ശതമാനം പേരും പറയുന്നു. സ്ഥിരമായ സമയത്ത് എന്നും ഉറങ്ങാന്‍ ശ്രമിക്കുന്നതായി 31 ശതമാനം പേര്‍ പറഞ്ഞു.

ഡിജിറ്റല്‍ ശീലങ്ങളും ജോലി സമ്മര്‍ദങ്ങളും ജീവിതശൈലിയെ രൂപപ്പെടുത്തുന്നത് തുടരുന്നതിനാല്‍, ഉറക്കത്തിന് മുന്‍ഗണന നല്‍കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി വേക്ക്ഫിറ്റ് ഡോട്ട്‌കോമിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ ചൈതന്യ രാമലിംഗഗൗഡ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments