പഴങ്ങളിൽ (fruits) ഒരുപാട് പേർ കഴിക്കാൻ ഇഷ്‌ടപ്പെടുന്ന ഫലവർഗ്ഗമാണ് പൈനാപ്പിൾ (Pineapple). ചിലർ കടയിൽ നിന്നും പൈനാപ്പിൾ വാങ്ങി കഴിക്കാൻ ആഗ്രഹിക്കുമ്പോൾ, മറ്റു ചിലർ കൊടും ചൂടത്ത് വിയർത്തൊലിക്കുമ്പോൾ ഒരു ജ്യൂസ് അടിക്കാനാവും ഇഷ്‌ടപ്പെടുക. ആരോഗ്യകരമായ ഭക്ഷണ രീതിയിൽ പഴങ്ങൾ വഹിക്കുന്ന പങ്ക് ഏറെയുണ്ട്. ചില സീസണൽ ഫലങ്ങൾ ഒഴികെ മറ്റുള്ളവ വർഷത്തിൽ എല്ലായിപ്പോഴും വിപണിയിൽ ലഭ്യമാണ്. ഓരോ ഫലവർഗത്തിനും അതിന്റേതായ ഗുണവശങ്ങൾ ഉണ്ട് താനും. എന്നാൽ കൈതച്ചക്ക എന്ന നാടൻ പേരിൽ വിളിക്കപ്പെടുന്ന പൈനാപ്പിൾ പലരും കരുതുന്ന പോലെ ഒരു ‘പാവത്താനല്ല’.
പ്രധാനപ്പെട്ട ഫലവർഗങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. ഇന്ത്യയിൽ വഴിയോരത്തു മുതൽ സൂപ്പർമാർക്കറ്റുകളിൽ വരെ ഇത് ലഭ്യമാണ്. മധുരവും പുളിയും ചേർന്ന രുചിയുടെ പേരിൽ പൈനാപ്പിൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. വൈറ്റമിൻ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമാണ് പൈനാപ്പിൾ. ഇത്രയും ജനകീയമായ ഫലവർഗത്തിന് നമ്മൾ പോലും അറിയാത്ത ചില വിശേഷങ്ങളും, ഇനിയും കാണാത്ത മുഖവുമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
പൈനാപ്പിൾ മലയാളിയോ ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ അല്ല കേട്ടോ. തെക്കേ അമേരിക്കയാണ് സ്വദേശം. ഇവിടെ ഈ വിള നൂറ്റാണ്ടുകളായി കൃഷി ചെയ്തു പോരുന്നു. എന്നാൽ, പൈനാപ്പിളും മനുഷ്യ മാംസവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്നത് പലർക്കും അത്ര രസകരമായി വായിക്കാൻ കഴിയാത്ത ഒരു കാര്യമാകും. നിങ്ങൾ ആരെങ്കിലും ഈ വിഷയം മുൻപ് അറിഞ്ഞിട്ടില്ലെങ്കിൽ, ഇതാ അക്കാര്യം ഇവിടെ നിന്നും മനസിലാക്കാം
‘മനുഷ്യ മാംസം ഭക്ഷിക്കുന്ന ഫലവർഗം’ എന്നൊരു പേരുണ്ട് പൈനാപ്പിളിന്. ഈ പഴം കഷണങ്ങൾ ആക്കി കഴിക്കുമ്പോൾ നാവിൽ തോന്നുന്ന ഒരു തരിപ്പ് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. പൈനാപ്പിളിൽ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയുടെ സാന്നിധ്യമുണ്ട്. കഴിക്കുമ്പോൾ നാവിൽ തോന്നുന്ന തരിപ്പിന്റെ കാരണവും ഇതു തന്നെ. ബ്രോമെലൈൻ എന്ന പ്രോട്ടോലൈറ്റിക് എൻസൈം പൈനാപ്പിളിന്റെ തണ്ട്, ഇലകൾ, പഴത്തിന്റെ മാംസളമായ ഭാഗം എന്നിവിടങ്ങളിൽ അടങ്ങിയിരിക്കുന്നു