ശരീരഭാരം കുറയ്ക്കുക (Weight loss) എന്നത് പലരുടെയും അഭിലാഷമാണ്. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ചിലപ്പോഴൊക്കെ നിരാശയായിരിക്കും ഫലം. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ ശരീരഭാരം കുറയുന്നതിന് തടസ്സമാകാറുണ്ട്. ഭക്ഷണക്രമം, ജീവിതശൈലി, ഉറക്ക രീതികൾ എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം പലപ്പോഴും കേൾക്കാറുണ്ടെങ്കിലും, അത്താഴ രീതികൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി കാണാം. രാത്രിയിലെ ഭക്ഷണശീലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം, ഏറ്റവും അനുയോജ്യമായ സമയം, കഴിക്കേണ്ട അളവ് എന്നിവയെക്കുറിച്ച് അറിയിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ചിലപ്പോൾ ശരീരഭാരം കുറയ്ക്കുന്നതിന് തടസ്സമായി നിൽക്കുന്നത് അത്താഴ സമയത്തെ ചില തെറ്റായ ഭക്ഷണ ശീലങ്ങളാകാം. ഈ ഭക്ഷണ രീതികൾ വാസ്തവത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത്താഴം ലഘുവായി കഴിക്കുന്നതാണ് ഉത്തമം, അല്ലാത്തപക്ഷം അത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഭക്ഷണക്രമം, ജീവിതശൈലി, ഉറക്ക രീതികൾ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് എന്നിവ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു. ദഹനത്തെ സഹായിക്കുന്ന ഏതൊരു ഭക്ഷണവും ശരീരത്തിന് ഗുണം ചെയ്യും.
സാലഡുകൾ, സൂപ്പുകൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ അത്താഴത്തിന് ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായകരമാകും. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും അത്താഴം നേരത്തെ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് 2 മുതൽ 3 മണിക്കൂർ വരെ മുമ്പ് അത്താഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും. എന്നാൽ, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. കൂടാതെ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ ആണെങ്കിൽ പോലും അമിതമായി കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിലേക്കും തുടർന്ന് ശരീരഭാരം വർധിക്കുന്നതിലേക്കും നയിച്ചേക്കാം.
ഭക്ഷണ സമയങ്ങളിൽ ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് അഭികാമ്യമാണ്. ഇത് ഭക്ഷണ നിയന്ത്രണത്തിന് കൂടുതൽ സഹായിക്കും . കൂടാതെ, ഭക്ഷണം കഴിക്കുമ്പോൾ അളവ് ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ശരീരഭാരം കുറയ്ക്കുന്നതിന് പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ അത്യവശ്യമാണ്. പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് അത്താഴത്തിന് കഴിക്കുന്നത്, വീണ്ടും വിശപ്പ് അനുഭവപ്പെടാൻ കാരണമാകും. വെളുത്ത അരി, പാസ്ത തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അത്താഴത്തിന് ഒഴിവാക്കേണ്ടതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യും.
രാത്രികാലങ്ങളിൽ ഉയർന്ന കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കുന്നത് ദഹിക്കാൻ കൂടുതൽ സമയമെടുക്കും.അതിനാൽ രാത്രിയിൽ ഇവാ ഒഴിവാക്കുന്നതാണ് നല്ലത്. പച്ചക്കറികൾ ഉൾപ്പെടുത്താതിരിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും അത്യാവശ്യ പോഷകങ്ങളുടെയും നാരുകളുടെയും ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും. അത്താഴം ഒഴിവാക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കുകയും രാവിലെ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാവും. അതിനാൽ, ദഹനം സുഗമമാക്കുന്നതിന്, അത്താഴത്തിന് പോഷക സമ്പുഷ്ടമായ എന്നാൽ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
പഞ്ചസാര പാനീയങ്ങളുടെ അമിത ഉപഭോഗം കലോറി വർദ്ധനവിന് കാരണമാവുകയും കൊഴുപ്പ് ദഹിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, അത്താഴ സമയത്ത് സോഡകൾ, മധുരമുള്ള പാനീയങ്ങൾ, ജ്യൂസുകൾ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളം, ഹെർബൽ ടീ, അല്ലെങ്കിൽ മറ്റ് കുറഞ്ഞ കലോറി പാനീയങ്ങൾ എന്നിവ ഉത്തമ തിരഞ്ഞെടുപ്പുകളാണ്. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയോ ഫോണിൽ സ്ക്രോൾ ചെയ്യുകയോ ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ശ്രമിക്കുക.ധാരാളം മസാലകൾ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ, ക്രീം അടങ്ങിയ ഭക്ഷങ്ങൾ, വെണ്ണ അല്ലെങ്കിൽ മയോനൈസ് പോലുള്ളവ അനാവശ്യ കലോറികൾ നൽകും. അത്തരം ഭക്ഷണങ്ങൾ അത്താഴത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുക.