Monday, March 31, 2025

HomeHealth & Fitnessതലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം: അപൂർവരോഗം ബാധിച്ച് കോമയിലായ ഒന്നര വയസ്സുകാരി ജീവിതത്തിലേക്ക്‌

തലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം: അപൂർവരോഗം ബാധിച്ച് കോമയിലായ ഒന്നര വയസ്സുകാരി ജീവിതത്തിലേക്ക്‌

spot_img
spot_img

തിരുവനന്തപുരം: തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച്‌ ഒന്നര വയസ്സുകാരി. തലച്ചോറിലെ ഒരു കൂട്ടം രക്തക്കുഴലുകള്‍ പ്രവര്‍ത്തനരഹിതമായി രക്തസ്രാവത്തിലേക്ക്‌ നയിക്കുന്ന അപൂര്‍വ ജനിത വൈകല്യമാണ്‌ ബ്രെയിന്‍സ്റ്റം കാവേര്‍നോമ. ആയിരം കുട്ടികളില്‍ 2.1 പേര്‍ക്ക്‌ മാത്രമാണ്‌ ഈ രോഗാവസ്ഥയുണ്ടാകുവാനുള്ള സാധ്യത. തലച്ചോറിനെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന ബ്രെയിന്‍സ്റ്റെമ്മില്‍ അനിയന്ത്രിതമായ രക്തസ്രാവമുണ്ടായി ശ്വാസോച്ഛാസം പോലും നിലച്ച്‌ കോമാവസ്ഥയിലാണ്‌ കുട്ടിയെ തിരുവനന്തപുരം കിംസ് ഹെല്‍ത്തില്‍ പ്രവേശിപ്പിക്കുന്നത്‌.

ഉടൻ കുട്ടിയെ അടിയന്തരമായി വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലേക്ക്‌ മാറ്റി. ബ്രെയിന്‍സ്റ്റെമ്മില്‍ ഇത്തരത്തിലുണ്ടാകുന്ന തുടര്‍ച്ചയായ രക്തസ്രാവം രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. കുറച്ച്‌ മാസങ്ങളായി കുട്ടിയുടെ ശരീരത്തിന്റെ വലത്‌ ഭാഗത്ത്‌ ബലഹീനത അനുഭവപ്പെടുന്നുണ്ടായിരുന്നു.

രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ യുഎസിലും ജപ്പാനിലും മാത്രം ചെയ്തിട്ടുള്ള ട്രാന്‍സ്‌നേസല്‍ എന്‍ഡോസ്‌കോപ്പിക്‌ ബ്രെയിന്‍സ്റ്റം കാവേര്‍നോമ റിമൂവല്‍ സര്‍ജറിക്ക്‌ കുട്ടിയെ വിധേയമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്താകമാനം ആകെ 20ല്‍ താഴെ കേസുകളില്‍ മാത്രമാണ്‌ ഈ പ്രൊസീജിയര്‍ ചെയ്തിട്ടുള്ളത്‌. രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവത്തിലേക്ക്‌ നീങ്ങിയ കേസുകളില്‍ മരണനിരക്ക്‌ 70 ശതമാനത്തിലധികമാണ്‌.

ഇന്ത്യയില്‍ ഇതാദ്യമായാണ്‌ ഈ രോഗാവസ്ഥ ചികില്‍സിക്കുന്നതിനായുള്ള പ്രൊസീജിയര്‍ വിജയകരമായി നടത്തപ്പെടുന്നത്‌. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി കിംസ് ഹെല്‍ത്തിലെ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. അജിത്‌ ആര്‍, എന്‍ഡോസ്‌കോപിക്‌ സ്കൂള്‍ ബേസ്‌ സര്‍ജറി ആന്‍ഡ്‌ റൈനോളജി കണ്‍സള്‍ട്ടന്റ്‌ ഡോ വിനോദ്‌ ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ട്രാന്‍സ്‌നേസല്‍ എന്‍ഡോസ്‌കോപ്പിക്‌ ബ്രെയിന്‍സ്റ്റം കാവേര്‍നോമ റിമൂവല്‍ സര്‍ജറിക്ക്‌ രോഗിയെ വിധേയമാക്കി. 4 മില്ലിമീറ്റര്‍ വലിപ്പമുള്ള എന്‍ഡോസ്‌കോപ്പ്‌ മുഖേന മൂക്കിലൂടെ ബ്രെയിന്‍സ്റ്റെമിലെ രോഗ ബാധിതമായ ഭാഗത്തെത്തുകയും പ്രവര്‍ത്തന രഹിതമായ രക്തക്കുഴലുകള്‍ കണ്ടെത്തി എന്‍ഡോസ്‌കോപിക്‌ വിഷ്വലൈസേഷനിലൂടെ അവ വിജയകരമായി നീക്കം ചെയ്യുകയുമായിരുന്നു. ഇതോടെ ബ്ലെയിന്‍സ്റ്റെമിലെ അധിക സമ്മര്‍ദം ഒഴിവാകുകയും ചെയ്തു.

തലച്ചോറിലെ ഏറ്റവും സങ്കീര്‍ണമായ ഭാഗങ്ങളിലൊന്നാണിത്‌. അതിനാല്‍ തന്നെ ശസ്ത്രക്രിയ അത്രത്തോളം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചാല്‍ സമീപത്തുള്ള കാര്‍ഡിയോ റെസ്പിറേറ്ററി സെന്ററിനെ അത്‌ ബാധിക്കുകയും കുട്ടിയുടെ മരണത്തിന്‌ വരെ കാരണമാവുകയും ചെയ്യും- ഡോ. അജിത്‌ ആര്‍ പറഞ്ഞു. യുഎസ്‌, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ചുരുക്കം ചില സെന്ററുകളില്‍ മാത്രമാണ്‌ ഈ രീതി അവലംബിച്ചിരിക്കുന്നത്‌. മാത്രമല്ല, മുതിര്‍ന്നവരേക്കാള്‍ മൂക്കിന്റെ അറയുടെ വലിപ്പം കുറവായതിനാല്‍ ഒരു ചെറിയ കുട്ടിയില്‍ ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്നത്‌ കൂടുതല്‍ വെല്ലവിളി നിറഞ്ഞതായിരുന്നുവെന്നു ഡോ. വിനോദ്‌ ഫെലിക്‌സ്‌ കൂട്ടിച്ചേര്‍ത്തു.

ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. അബു മദന്‍, ഡോ. നവാസ്‌ എന്‍ എസ്‌, ഡോ. ബോബി ഐപ്പ്‌, ന്യൂറോ അനസ്തേഷ്യ വിഭാഗം ഡോ. സുശാന്ത്‌ ബി, ഇഎന്‍ടി വിഭാഗത്തിലെ ഡോ ബെന്‍സി ബെഞ്ചമിന്‍ എന്നിവരും ആറ്‌ മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയുടെ ഭാഗമായി. സര്‍ജറിക്ക്‌ ശേഷം ഒരു മാസത്തോളം തുടര്‍ചികിത്സയും പരിചരണത്തിനുമായി ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി പൂര്‍ണാരോഗ്യം വീണ്ടെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments