ദമ്പതികൾക്കിടയിൽ പലകാര്യങ്ങളിലും വ്യത്യസ്ത ടേസ്റ്റായിരിക്കും. ഒരാൾക്ക് കട്ടിയുള്ള കിടക്ക വേണമെങ്കിൽ മറ്റെയാൾക്ക് മൃദുവായ കിടക്കയാവും ഇഷ്ടം. ഇതേപോലെ മുറിയിലെ ചൂട്, പ്രകാശം, ശബ്ദം ഇതിലെല്ലാമുള്ള വ്യത്യാസങ്ങൾ ഉറക്കത്തെ ബാധിക്കും.
ഉറക്കത്തിന്റെ കാര്യത്തിൽ വലിയ ചിട്ട പുലർത്താത്തവരാണ് പലരും. സിനിമ കണ്ടും മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്തുമൊക്കെ ഉറക്കം വൈകുന്നവർ. ഉറക്കം വേണ്ടത്ര ലഭിക്കാതിരിക്കുന്നവരിൽ പലരും ആഴ്ചാവസാനം പരമാവധി സുഖകരമായി ഉറങ്ങി ആ നഷ്ടം നികത്തുന്നവരാണ്. ദിവസവും വേണ്ടത്ര ഉറങ്ങാൻ കഴിയാത്തവർ വീക്കെൻഡുകളിൽ നന്നായി ഉറങ്ങി ഹൃദ്രോഗത്തെ പ്രതിരോധിക്കാമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.
ദിവസവും ശരിയായി ഉറങ്ങാൻ കഴിയാതെ വീക്കെൻഡുകളിൽ ഉറങ്ങിത്തീർക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത ഇരുപതുശതമാനം കുറയ്ക്കാനാകുമെന്ന് പഠനത്തിൽ പറയുന്നു. ചൈനയിലെ സ്റ്റേറ്റ് കീ ലബോറട്ടറിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. യു.കെ. ബയോബാങ്ക് പ്രൊജക്റ്റിൽ നിന്ന് 90,000-ത്തോളം പേരിൽ നിന്നായി ശേഖരിച്ച ആരോഗ്യവിവരങ്ങളിൽ നിന്നാണ് ഈ വിലയിരുത്തലിലെത്തിയത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
പതിനാലുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. പഠനത്തിൽ പങ്കാളികളായവരിലെ ഹൃദ്രോഗനിരക്ക്, ഉറക്കത്തിന്റെ സ്വഭാവം, മരണനിരക്ക് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തിയത്. ഉറക്കം കുറയുന്നത് ഒരു വ്യക്തിയുടെ പ്രതിരോധശേഷി, മാനസികാരോഗ്യം, ഏകാഗ്രത തുടങ്ങിയവയേയൊക്കെ വിപരീതമായി ബാധിക്കും. പ്രായപൂർത്തിയായവർ കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മൂന്നിലൊരാൾക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്.
ദിവസവും നന്നായി ഉറങ്ങാൻ കഴിയാത്തവർ വീക്കെൻഡുകളിൽ നന്നായി ഉറങ്ങുമ്പോൾ ഊർജം വീണ്ടെടുക്കാൻ കഴിയുന്നുവെന്നും ഇത് അവരുടെ ദൈനംദിന പ്രവർത്തികൾ മെച്ചപ്പെടുത്തുമെന്നും ഗവേഷകർ കരുതുന്നു. നന്നായി ഉറങ്ങുന്നതിലൂടെ ഹൃദയ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുകയും രക്തസമ്മർദം, ഷുഗർ എന്നിവയുടെ തോത് നിയന്ത്രണവിധേയമാവുകയും ചെയ്യും. ഇതിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാവുമെന്നാണ് ഗവേഷകർ കരുതുന്നത്. എന്നാൽ ഉറക്കം തീരെ ലഭിക്കാത്തത് ഹൃദ്രോഗസാധ്യത പരമാവധി വർധിപ്പിക്കുകയും ചെയ്യും.
ശരീരത്തിന് വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ആഴ്ചാവസാനം ഉറങ്ങിത്തീർക്കാമെന്ന് കരുതുന്നത് താൽക്കാലിക പരിഹാരമാണെന്ന് പഠനത്തിന്റെ വിമർശകർ പറയുന്നു. ദിവസങ്ങളോളം ഉറക്കക്കുറവ് നേരിടുന്നവരിൽ സ്ട്രെസ്സ് ഹോർമോണുകൾ വർധിക്കുകയും ചയാപചയ പ്രവർത്തനങ്ങൾ തകരാറിലാവുകയും ശരീരത്തിൽ വീക്കമുണ്ടാക്കുകയും ചെയ്യുമെന്നും അത് ആഴ്ചാവസാനം ഉറങ്ങി പരിഹരിക്കാനാവുന്നതല്ലെന്നും വിമർശകർ പറയുന്നു. ദിവസവും ഏഴുമണിക്കൂറിൽ കുറവ് ലഭിക്കുന്നവതിനെയാണ് ഉറക്കക്കുറവ് എന്നുപറയുന്നത്. ആരോഗ്യകരമായ ശരീരത്തിന് ഭക്ഷണവും വ്യായാമവും പോലെ പ്രധാനമാണ് ദിവസവും നല്ല ഉറക്കം ലഭിക്കേണ്ടത് എന്നും വിദഗ്ധർ പറയുന്നു.