പഞ്ചസാരയുടെ അമിത ഉപയോഗം അര്‍ബുദം ഉള്‍പ്പടെ നാല്‍പ്പത്തഞ്ചോളം രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. ദിവസം ആറ് ടീസ്പൂണില്‍ അധികം പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അമിതഭാരം, ആസ്മ, വിഷാദരോഗം, അര്‍ബുദങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. മധുരം ചേര്‍ത്ത പാനീയങ്ങള്‍ ആഴ്ചയില്‍ ഒന്നായി കുറയ്ക്കണമെന്നും ബിഎംജെ ജേണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം, പാന്‍ക്രിയാറ്റിക് അര്‍ബുദം, പക്ഷാഘാതം, ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം, ആസ്മ, വിഷാദം എന്നിവയും പഞ്ചസാരയുടെ ഉപയോഗവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
അമേരിക്കക്കാര്‍ക്ക് അവിടുത്തെ ആരോഗ്യ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഒരു ദിവസത്തെ ആകെ കാലറിയുടെ 10 ശതമാനത്തില്‍ കുറവായിരിക്കണം മധുരം വഴിയുള്ള കാലറി. അതായത് 2000 കാലറിയുടെ സ്റ്റാന്‍ഡേര്‍ഡ് ഡയറ്റില്‍ 200 കാലറിയില്‍ താഴെയാകണം മധുരം വഴി ലഭിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കുറച്ച് കൂടി കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശമാണ് പഞ്ചസാരയുടെ കാര്യത്തില്‍ നല്‍കുന്നത്. പുരുഷന്മാര്‍ക്ക് പ്രതിദിനം ഒന്‍പത് ടീസ്പൂണും സ്ത്രീകള്‍ക്ക് പ്രതിദിനം ആറ് ടീസ്പൂണുമാണ് ഇവരുടെ ശുപാര്‍ശ.