കോവിഡിനേക്കാൾ 100 മടങ്ങ് വിനാശകാരിയായി പക്ഷിപ്പനി ലോകത്ത് പടർന്നു പിടിച്ചേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇതൊരു മഹാമാരിയായി മാറാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചത്.
അപകടകരമായ ഒരു മഹാമാരി ഒട്ടും അകലയല്ലെന്നും ആഗോള പകർച്ചവ്യാധിയായി എച്ച്5എൻ1 മാറിയേക്കുമെന്നും പീറ്റ്സ്ബർഗിലെ പ്രമുഖ ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി പറഞ്ഞു. ഇനി പുതുതായി ഉണ്ടായേക്കാൻ സാധ്യതയുള്ള ഒരു വൈറസിനെക്കുറിച്ചുള്ള ആശങ്കയല്ലിതെന്നും എച്ച്5എൻ1 നിലവിൽ ഭൂമിയിൽ നിരവധി സസ്തനികളെ ബാധിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എച്ച്5എൻ1 സൃഷ്ടിച്ചേക്കാവുന്ന മഹാമാരിയുടെ ആഘാതം കോവിഡിനേക്കാൾ 100 മടങ്ങ് ശക്തിയുള്ളതാകാമെന്നും ഉയർന്ന മരണ നിരക്കിന് കാരണമാവുമായും ചെയ്തേക്കാമെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോനയാഗ്രയുടെ സ്ഥാപകനായ ജോൺ ഫുൾട്ടൺ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2003 മുതൽ പക്ഷിപ്പനി ബാധ കണ്ടെത്തിയ 100ൽ 52 പേരും മരണപ്പെട്ടു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 887 കേസുകളിൽ 462 പേരാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം നിലവിലെ കോവിഡ് മൂലമുള്ള മരണനിരക്ക് 0.1 ശതമാനത്തിൽ താഴെയാണ്. പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഇത് ഏകദേശം 20 ശതമാനമായിരുന്നു.
അമേരിക്കയിലെ കോഴി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരന് പക്ഷിപ്പനി പടർന്നു പിടിച്ചതിനു പിന്നാലെ ഫാമുകളിൽ കൂടുതൽ നിരീക്ഷണമേർപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. കൂടാതെ ഒരു ഡയറി ഫാം ജീവനക്കാരനും നേരിട്ടുള്ള സമ്പർക്കത്തിലൂടെ പക്ഷിപ്പനി പടർന്നതായി യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചിരുന്നു. കോഴി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരന് പക്ഷിപ്പനി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ 2022ലും പുറത്ത് വന്നിരുന്നു എന്നാൽ ഡയറി ഫാമിൽ നേരിട്ടുള്ള സമ്പർക്കം വഴി മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് എച്ച്5എൻ1 പടരുന്ന ആദ്യ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ ഐഡഹോ, കൻസാസ്, മിഷിഗൺ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ കരയിലും കടലിലുമായി ദശലക്ഷക്കണക്കിന് മൃഗങ്ങൾക്ക് എച്ച്5എൻ1 ബാധയേറ്റിരിക്കുന്നതായാണ് കണക്കുകൾ. മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും മനുഷ്യനിലേക്ക് പടർന്ന കേസുകൾ പുറത്ത് വന്നതോടെ ആശങ്കകൾ വർധിക്കുന്നുണ്ട്.
1996ൽ ചൈനയിലെ പക്ഷികളിലാണ് ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏവിയൻ ഇൻഫ്ലുവൻസ എ (Avian Influenza A) യുടെ ഒരു ഉപവിഭാഗമായ എച്ച്5എൻ1 പ്രധാനമായും പക്ഷികളെ ബാധിക്കുമ്പോൾ മറ്റ് മൃഗങ്ങളിലേക്കും ഒപ്പം മനുഷ്യനിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്. പലപ്പോഴും പ്രകടമായ രോഗലക്ഷങ്ങൾ ഒന്നും ഉണ്ടായെന്നു വരില്ല. ചൈനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഹോങ്കോങിലും വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 18 ഓളം മനുഷ്യർ രോഗ ബാധിതരായതിൽ 6 മരണങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.