വാഷിംഗ്ടണ്‍: ക്യാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഹോങ്കോംഗ് ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ കറി മസാലകളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയും തേടുന്നു. ഉയര്‍ന്ന അളവില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനി അടങ്ങിയതായി ആരോപിച്ച് ഹോങ്കോംഗ് ഇന്ത്യയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ കറിമസാല നിര്‍മ്മാതാക്കളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ശേഖരിക്കുന്നത്.
എഫ്ഡിഎയ്ക്ക് റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയാമെന്നും സാഹചര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എഫ്ഡിഎ വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോങ്കോംഗ് മാത്രമല്ല, സിങ്കപ്പൂരും ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കറിമസാലകളുടെ വില്പന ഈ മാസം നിര്‍ത്തിവച്ചിരുന്നു. എവറസ്റ്റ് കറിമസാല തിരിച്ചുവിളിച്ച സിംഗപ്പൂര്‍, അതില്‍ ഉയര്‍ന്ന അളവില്‍ എഥിലീന്‍ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും കൂടുതല്‍ കാലം ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്ക മുന്‍കൈ എടുക്കുന്നത്.