ഇന്ത്യയിൽ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ആയുര്‍വേദ പാനീയങ്ങളിലൊന്നാണ് ഗോള്‍ഡ് മില്‍ക്ക് അഥവാ മഞ്ഞൾ പാൽ. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാല്‍ അടുത്ത കാലത്ത് ഈ പാനീയത്തിന് വലിയ തോതിലുള്ള പ്രചാരം ലഭിച്ചിട്ടുണ്ട്. പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പാനീയം കൂടിയാണിത്. ആരോഗ്യ സംരക്ഷണത്തിനായി നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന പാനീയങ്ങളില്‍ ഒന്നു കൂടിയാണിത്.
ആന്റ്ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മഞ്ഞള്‍ പാല്‍ പതിവായി കുടിക്കുന്നത് കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍ മഞ്ഞള്‍ പാല് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ വയറിനുള്ളില്‍ അസ്വസ്ഥകള്‍ നീക്കി ദഹനം മെച്ചപ്പെടുത്താനും ഈ പാനീയം സഹായിക്കുന്നു. സ്ഥിരമായി മഞ്ഞള്‍ പാല്‍ കുടിക്കുന്നത് സന്ധി വേദന പരിഹരിക്കുകയും സന്ധി വാതമുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരവേദനകളില്‍ നിന്ന് ആശ്വാസം നല്‍കും. മഞ്ഞള്‍ പിത്തരസം ഉത്പാദനം വര്‍ധിപ്പിക്കുകയും ഇത് ദഹനത്തിന് സഹായിക്കുകയും ചെയ്യും. മഞ്ഞള്‍ പാല്‍ ദിവസവും കുടിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍, ഗ്യാസ്ട്രബിള്‍, ദഹനക്കേട് എന്നിവമൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
വയറുമായി ബന്ധപ്പെട്ട് മിക്കപ്പോഴും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. മഞ്ഞള്‍ പാല്‍ പതിവായി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അണുബാധയുണ്ടാകാതെ ശരീരത്തെ കാത്തുസംരക്ഷിക്കുകയും ചെയ്യും.
പാലില്‍ മഞ്ഞളിനൊപ്പം അല്‍പം ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പനി, ജലദോഷം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും.മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റുകയും വിഷാദരോഗത്തില്‍ നിന്ന് മുക്തി നല്‍കുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് മാനസികസമ്മര്‍ദം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യാനും മഞ്ഞള്‍ സഹായിക്കുന്നു. അകാല വാര്‍ധക്യം തടയാനും മുഖക്കുരുപോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കാനും മഞ്ഞള്‍ പാൽ ഉത്തമമാണ്.