രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ കണ്ടെത്തിയ പൈലോനിഡൽ സൈനസ് എന്ന രോഗത്തിന് ചികിത്സ തേടി സിവിൽ സർവീസ് ഉദ്യോഗാർത്ഥി. 21 കാരനിലാണ് ഈ ഗുരുതര രോഗം കണ്ടെത്തിയത്. ടെയിൽബോണിന് സമീപം പഴുപ്പ് രൂപപ്പെടുന്ന ഈ രോഗാവസ്ഥ ‘ജീപ്പേഴ്‌സ് ബോട്ടം’ എന്നും അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ ആണ് ഈ രോഗാവസ്ഥ ആദ്യമായി കണ്ടെത്തിയതെന്ന് സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
തന്റെ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്. ലൈബ്രറിയിലും മറ്റുമായി മണിക്കൂറുകളോളം ചെലവഴിച്ച ഇദ്ദേഹം അധിക സമയവും കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായത്. തുടർന്ന് യുവാവിന് നിതംബങ്ങൾക്കിടയിലുള്ള ഭാഗത്ത് കടുത്ത അസ്വസ്ഥതയും വീക്കവും അനുഭവപ്പെട്ടു. ആ ഭാഗത്ത് നിന്ന് പഴുപ്പ് പുറത്തേക്ക് വന്ന് വേദന കൂടിയതോടെ 21 കാരന്റെ സ്ഥിതി വഷളാവുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായ എൻഡോസ്‌കോപിക് പൈലോനിഡൽ സൈനസ് ട്രാക്‌ട് അബ്ലേഷൻ ശസ്ത്രക്രിയ നടത്തിയതായി സർ ഗംഗാ റാം ഹോസ്പിറ്റലിലെ ലാപ്രോസ്‌കോപ്പിക് ആൻഡ് ലേസർ സർജറി വിഭാഗത്തിലെ ഡോ. തരുൺ മിത്തൽ അറിയിച്ചു.
എന്താണ് പൈലോനിഡൽ സൈനസ്?
പിലോനിഡൽ സൈനസ് എന്നത് നിതംബത്തിൻ്റെ മുകൾഭാഗത്തുള്ള ടെയിൽബോണിന് (കോക്കിക്സ്) സമീപം കാണപ്പെടുന്ന ചെറിയ ദ്വാരമാണ്. ഇത് ചർമ്മത്തിന്റെ ഉള്ളിൽ രൂപപ്പെടുന്നതിനാൽ ഇതിനകത്ത് മുടിയും മറ്റ് അഴുക്കുകളും അടിഞ്ഞുകൂടി ഈ രോഗം തീവ്രമാകുന്നു. തുടർന്ന് ഇത് കഠിനമായ വേദന, പഴുപ്പ്, അണുബാധ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും . ദീർഘനേരം ഇരുന്ന് വാഹനം ഓടിക്കുന്നതും ഒരേ സ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതുമെല്ലാം ഈ രോഗത്തിന് കാരണമാകാം എന്ന് ഡോക്ടർമാർ പറയുന്നു.
സാധാരണയായി യുവാക്കളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരാറുള്ളത്. അമിതവണ്ണവും ആരോഗ്യകരമല്ലാത്ത ജീവിതശൈലിയും ഈ രോഗാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അൾട്രാസൗണ്ട് അല്ലെങ്കിൽ എംആർഐ പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ ചെയ്യുന്നതിലൂടെ ഈ രോഗം എത്രയും വേഗം കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. അതേസമയം ഈ രോഗത്തിന്റെ തീവ്രതയനുസരിച്ച് ഓരോരുത്തരിലും ഇതിന്റെ ചികിത്സാരീതികൾ വ്യത്യസ്തപ്പെട്ടിരിക്കും. പ്രാരംഭഘട്ടം ആണെങ്കിൽ ആന്റിബയോട്ടികൾ നൽകി രോഗം സുഖപ്പെടുത്താനാകും.
ഇനി ആവർത്തിച്ച് ഇത്തരം മുഴകൾ രൂപപ്പെടുകയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം വേണ്ടിവരും. വ്യക്തി ശുചിത്വം പാലിക്കുകയും ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ സാധ്യത കുറയ്ക്കും. അതോടൊപ്പം അമിത രോമവളർച്ച, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതും പൈലോനിഡൽ സൈനസിനെ പ്രതിരോധിക്കാൻ സഹായിക്കും.