പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞാലും അത് ഇപ്പോഴും ഒരു ശീലമായി കൊണ്ട് നടക്കുന്ന നിരവധി ആളുകളുണ്ട്. കൂടാതെ പുകയില ഉപയോഗിക്കുന്നവരിൽ സാധാരണയായി ശ്വാസ തടസം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുമുണ്ട്. അമിതമായ പുകവലി കാരണം തൊണ്ടയില്‍ രോമം വളരുന്ന അവസ്ഥയെപ്പറ്റി കേട്ടിട്ടുണ്ടോ? ഓസ്ട്രേലിയൻ സ്വദേശിയായ 52 കാരനാണ് തൊണ്ടയിൽ രോമം വളരുന്ന അപൂർവമായ രോഗം സ്ഥിരീകരിച്ചത്.
പതിവായി പുകവലിച്ചിരുന്ന ഇയാൾക്ക് ശ്വാസ തടസ്സവും വിട്ടുമാറാത്ത ചുമയും ഉണ്ടായതിനെ തുടർന്ന് വൈദ്യസഹായം തേടുകയായിരുന്നു. 2007ൽ ആയിരുന്നു സംഭവം. അന്ന് ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇയാളുടെ തൊണ്ടയിൽ വീക്കവും അമിതമായ രോമവളർച്ചയും കണ്ടെത്തിയത്. എൻഡോട്രാഷ്യൽ ഹെയർ ഗ്രോത്ത് എന്നറിയപ്പെടുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് ഇത്. ഏകദേശം 2 ഇഞ്ച് നീളമുള്ള ഒമ്പതോളം രോമങ്ങളാണ് ഇയാളുടെ തൊണ്ടയിൽ വളരുന്നുണ്ടായിരുന്നത്.
തുടർന്ന് 14 വർഷത്തോളം നീണ്ട ചികിത്സ തേടിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഓരോ തവണയും ഡോക്ടർമാർ രോമം നീക്കം ചെയ്തെങ്കിലും അവ വീണ്ടും വളരുന്നത് വലിയ വെല്ലുവിളിയായി മാറി. ഡോക്ടര്‍മാര്‍ നല്‍കിയ ആന്റിബയോട്ടിക് മരുന്നുകള്‍ ഇദ്ദേഹത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കി. എന്നാൽ അമിതമായ പുകവലിയാണ് രോമം വീണ്ടും വളരാൻ കാരണമാകുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തി. അങ്ങനെ 2022 ൽ ഇയാൾ പുകവലി പൂർണമായും ഉപേക്ഷിച്ചു.

പിന്നാലെ രോഗിയുടെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെട്ടു. ഇതോടെ തൊണ്ടയിൽ വളരുന്ന രോമങ്ങളുടെ വേരുകൾ കരയിച്ചു കളയാനായി എൻഡോസ്കോപ്പിക് ആർഗോൺ പ്ലാസ്മ കോഗ്യുലേഷൻ എന്ന ചികിത്സാ രീതി ഡോക്ടർമാർ പ്രയോഗിച്ചു. അടുത്ത വർഷം 52 കാരൻ മറ്റൊരു ചികിത്സയ്ക്ക് കൂടി വിധേയനായതോടെ തൊണ്ടയിലെ രോമവളർച്ച പൂർണമായും ഇല്ലാതാക്കാൻ സാധിച്ചു.