ചിലർക്ക് നിസ്സാരകാര്യങ്ങൾ മതി ചിരി തുടങ്ങാൻ. മറ്റു ചിലർക്കാകട്ടെ ചിരി തുടങ്ങിയാൽ പിന്നെ നിർത്താനും പറ്റില്ല. അങ്ങനെയുള്ള ഒരാളെങ്കിലും നമ്മുടെയൊക്കെ പരിചയത്തിലോ സുഹൃദ്‌വലയത്തിലോ ഉണ്ടാകും. ചിരി ആരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടർമാർ വരെ പറയാറുണ്ട്. കുടുംബത്തോടൊപ്പമിരുന്ന് ടിവിയിൽ കോമഡിഷോ കാണുന്നതിനിടെ ചിരി നിയന്ത്രിക്കാന്‍ കഴിയാതെ ബോധം കെട്ട് വീണ 53കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം അടുത്തിടെ ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ സാമൂഹികമാധ്യമമായ എക്സിൽ ഈ സംഭവത്തെക്കുറിച്ചും അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുകയും ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുടുംബത്തോടൊപ്പമിരുന്ന് ചായകുടിച്ചുകൊണ്ട് ടിവിയിൽ കോമഡി പരിപാടി കാണുകയായിരുന്നു ഇയാൾക്ക് പെട്ടെന്ന് ചിരി നിയന്ത്രിക്കാനാകാതെ വരികയായിരുന്നു. പിന്നീട് ശരീരം ഒരു വശത്തേക്ക് ചെരിയുകയും ഇയാൾ ബോധം കേട്ട് തറയിലേക്കു വീഴുകയുമായിരുന്നു.
ഉടൻ തന്നെ ആംബുലൻസിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ, ഇദ്ദേഹത്തിന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു ഡോക്ടർമാർ കണ്ടെത്തി. അവർ അദ്ദേഹത്തെ ഡോക്ടർ സുധീർ കുമാറിന് റെഫർ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഹൃദയ സംബന്ധമായ പരിശോധനകൾ നടത്താൻ ഡോക്ടർ നിർദേശം നൽകിയെങ്കിലും മരുന്നുകളൊന്നും കൊടുത്തില്ല. എന്നാൽ, ദീർഘനേരം നിൽക്കുക, അമിതമായി ചിരിക്കുക, കഠിനമായ ശാരീരിക അധ്വാനം എന്നിവയൊക്കെ ഒഴിവാക്കാൻ ഡോക്ടർ ശ്യാമിനോട് ഉപദേശിച്ചു.
ഡോക്ടറുടെ പോസ്റ്റ് വളരെ വേഗമാണ് വൈറലായത്. ദീർഘനേരം നിർത്താതെ ചിരിയ്കുമ്പോൾ സംഭവിക്കുന്ന അപൂർവമായ ഒരു മെഡിക്കൽ ഡിസോർഡർ ആണ് ലാഫെർ -ഇൻഡ്യൂസ്ഡ് സിൻകോപ്പ്. ബോധക്ഷയം എന്നർത്ഥം വരുന്ന വാക്കാണ് സിൻകോപ്പെന്ന് ഡോ. സുധീർ തന്റെ പോസ്റ്റിൽ വ്യക്തമാക്കി. രക്തസമ്മർദ്ദം കുറയുമ്പോൾ,തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞിട്ടു ഉണ്ടാകുന്ന കുറച്ചുസമയത്തേക്ക് നീണ്ടനിൽക്കുന്ന ബോധക്ഷയം ആണിത്. പെട്ടെന്നു ബോധം കെടുന്നതാണ് പ്രധാന ലക്ഷണം. തലകറക്കം ,വിയർപ്പ്, ഛർദ്ദിക്കാൻ തോന്നുക എന്നിവയാണ് അനുബന്ധ ലക്ഷണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
സിൻകോപ്പുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ കുറിച്ച് വളരെ കുറച്ച് പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയസംബന്ധമായ രോഗങ്ങൾ പാരമ്പര്യമായി ഉള്ളവർക്കു സിൻകോപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. ചിരി മൂലമുണ്ടാകുന്ന ഈ അവസ്ഥക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. സിൻകോപ്പ് മുമ്പ് സംഭവിച്ചിട്ടുണ്ടെങ്കിൽ അമിതമായി ചിരിക്കുന്നതു ഒഴിവാക്കുക , ചിരി നിയന്ത്രണാതീതമാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നിവയൊക്കെയാണ് പ്രതിവിധികൾ.