ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒപ്പം ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളില്‍ വിളർച്ച അഥവാ അനീമിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ പല വീടുകളിലും ഉച്ചഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നത് ഒരു ശീലമായി മാറിയിട്ടുണ്ട്. ഭക്ഷണം വേഗം ദഹിപ്പിക്കുമെന്ന ധാരണയിലാണ് ചിലര്‍ ഈ രീതി പിന്തുടരുന്നത്. എന്നാല്‍ ഈ ശീലത്തെപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണയും പൊളിച്ചെഴുതുന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തുവിട്ടത്.
ഡയറ്ററി ഗൈഡ്ലൈൻസ് ഫോർ ഇന്ത്യൻസ് (Dietary Guidelines for Indians) എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ 148 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് ഐസിഎംആര്‍ വിശദമാക്കിയത്. ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന വര്‍ണവസ്തുവായ ടാനിന്‍ ചായയിലും കാപ്പിയിലും ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.
ശരീരത്തിലെ രക്തനിര്‍മ്മാണത്തിന് ആവശ്യമായ ഘടകമാണ് ഇരുമ്പ്. ശരീരത്തിലെ ഇരുമ്പിന്റെ 70 ശതമാനമാവും ചുവന്ന രക്താണുക്കളിലാണ്. ഇരുമ്പിന്റെ ആഗിരണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ അത് നിങ്ങളെ അനീമിയയിലേക്ക് തള്ളിവിടും.
അതോടൊപ്പം പാല്‍ ചേര്‍ക്കാതെയുള്ള ചായയാണ് ആരോഗ്യത്തിന് മികച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
”ചായയില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍, തിയോഫിലിന്‍ എന്നിവ ധമനികളെ വിശ്രമിക്കാനും അതുവഴി രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫ്‌ലവനോയ്ഡുകളും ആന്റി ഓക്‌സിഡന്റ് പോളിഫിനോളുകളും ഹൃദ്രോഗങ്ങളെയും വയറിനുണ്ടാകുന്ന ക്യാന്‍സറുകളെയും ചെറുക്കുന്നു. പാല്‍ ചേര്‍ക്കാത്ത ചായ മിതമായ അളവില്‍ കഴിക്കുമ്പോള്‍ മാത്രമാണ് ഈ ഗുണങ്ങള്‍ ലഭിക്കുക,” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം സമൂഹത്തില്‍ വിശ്വസിച്ചുപോരുന്ന മറ്റ് ചില അബദ്ധധാരണകളെയും ഐസിഎംആര്‍ റിപ്പോര്‍ട്ട് തിരുത്തുന്നുണ്ട്.
പഴങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ നല്ലത് ഫ്രഷ് ജ്യൂസ് കുടിക്കുന്നതാണോ?
ഫ്രഷ് ഫ്രൂട്ട് ജ്യൂസുകള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ തന്നെയാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഫൈബര്‍ പ്രധാനം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കാറില്ല. അതിനായി പഴങ്ങള്‍ മുഴുവനോടെ കഴിക്കുന്നതാണ് ഉചിതം. അതുകൊണ്ട് തന്നെ ഫ്രഷ് ജ്യൂസിനെക്കാള്‍ കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതാണ് ഉത്തമം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ വേനല്‍ക്കാലത്ത് ഇന്ത്യയില്‍ കരിമ്പിന്‍ ജ്യൂസ് ഉപയോഗം വളരെ കൂടുതലാണ്. കരിമ്പില്‍ പഞ്ചസാരയുടെ അംശം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെ മിതമായ അളവില്‍ മാത്രമേ കരിമ്പിന്‍ ജ്യൂസ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തേങ്ങാവെള്ളം ദോഷം ചെയ്യും
കരിക്കിന്‍വെള്ളം കുടിക്കുന്നതിലൂടെ വിവിധ ധാതുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് എത്തും. എന്നാല്‍ തേങ്ങാവെള്ളം ശരീരത്തിന് നല്ലതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപ്പ്
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ചിലര്‍ വൈറ്റ് സാള്‍ട്ട് പരമാവധി കുറച്ച് അതിന് പകരം പിങ്ക് അല്ലെങ്കില്‍ ബ്ലാക്ക് സാള്‍ട്ട് ഉപയോഗിക്കാറുണ്ട്. റോക്ക് സാള്‍ട്ട് രണ്ട് വിധമുണ്ട്. ഒന്ന് പിങ്ക് സാള്‍ട്ടും രണ്ട് ബ്ലാക്ക് സാള്‍ട്ടും. ഇവയെല്ലാത്തിലുമുള്ള സോഡിയത്തിന്റെ അളവ് ഒന്നുതന്നെയാണെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യായാമത്തിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം
ഭക്ഷണത്തോടൊപ്പം തന്നെ കായികാധ്വാനങ്ങളിൽ ഏര്‍പ്പെടുന്നതും നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍ ഓരോ വ്യക്തികളുടെ ആരോഗ്യസ്ഥിതിയ്ക്ക് അനുസരിച്ചായിരിക്കണം വ്യായാമം തെരഞ്ഞെടുക്കേണ്ടതെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.