പട്‌ന: ബീഹാറിലെ ഗംഗാ സമതലങ്ങളില്‍ നിന്ന് സാമ്പിള്‍ ചെയ്ത നാലില്‍ മൂന്ന് മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാലില്‍ അപകടകരമാംവിധം ഉയര്‍ന്ന മെര്‍ക്കുറി സാന്ദ്രതയുണ്ടെന്ന് മുന്നറിയിപ്പുമായി ഗവേഷകര്‍. അപകടസാധ്യത ലഘൂകരിക്കുന്നതിന് ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങളും മെഡിക്കല്‍ ഇടപെടലുകളും നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
181 സ്ത്രീകളില്‍ 134 (74 ശതമാനം) പേരുടെ മുലപ്പാലിലെ മെര്‍ക്കുറിയുടെ അളവ് ലിറ്ററിന് 1.7 മൈക്രോഗ്രാം എന്ന സുരക്ഷാ പരിധി കവിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. 56 സ്ത്രീകളില്‍ മെര്‍ക്കുറിയുടെ സാന്ദ്രത പരിധിയുടെ 30 മടങ്ങ് അല്ലെങ്കില്‍ അതില്‍ കൂടുതലായിരുന്നു.
കിഴക്കേ ഇന്ത്യയില്‍ നിന്നുള്ള മുലപ്പാലില്‍ ഉയര്‍ന്ന മെര്‍ക്കുറി അളവ് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്. പരിസ്ഥിതിയില്‍ ആര്‍സെനിക്, ലെഡ് എന്നിവയുടെ വ്യാപകമായ എക്‌സ്‌പോഷര്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശമാണിതെന്ന് ഒന്നിലധികം അക്കാദമിക് സ്ഥാപനങ്ങളിലെ ഗവേഷകര്‍ അവരുടെ ഗവേഷണ പഠനത്തില്‍ പറഞ്ഞു.
‘മുലപ്പാലിലെ മെര്‍ക്കുറിയുടെ ഉറവിടം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു’വെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പട്‌നയിലെ മഹാവീര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കാന്‍സര്‍ ബയോളജിസ്റ്റും പരിസ്ഥിതി വിഷശാസ്ത്രജ്ഞനുമായ അരുണ്‍ കുമാര്‍ പറഞ്ഞു. ഇത്രയും ഉയര്‍ന്ന സാന്ദ്രതയില്‍ എത്തിയതിനാല്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
172 ശിശുക്കളില്‍ 93 (54 ശതമാനം) പേരുടെയും മൂത്രത്തില്‍ ലിറ്ററിന് 10 മൈക്രോഗ്രാം എന്ന പരിധി കവിഞ്ഞ മെര്‍ക്കുറി സാന്ദ്രത കണ്ടെത്തിയതായി ഗവേഷകര്‍ കണ്ടെത്തി. വിഷബാധക്ക് ഇരയാകുന്ന ശിശുക്കള്‍ക്ക് വികസിച്ചുവരുന്ന തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വളര്‍ച്ചക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. കുറഞ്ഞ അളവിലുള്ള മെര്‍ക്കുറി പോലും വൈജ്ഞാനിക വികാസം, തല??ച്ചോറിന്റെ മോട്ടോര്‍ കഴിവുകള്‍ എന്നിവയെ തടസ്സപ്പെടുത്തുകയും നാഡീവ്യവസ്ഥക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മുന്‍കാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വൈശാലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുമാറും അദ്ദേഹത്തിന്റെ സഹകാരികളും നടത്തിയ പഠനം ബി.എം.സി പബ്ലിക് ഹെല്‍ത്ത് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.