നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലി ചെയ്യുന്നവർ, പ്രമേഹരോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്.
പലപ്പോഴും ഇതിനു കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം. അതിനാൽ ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വൃത്തിയായി സൂക്ഷിക്കുകയും, പെഡിക്യൂർ രീതി ചെയ്യുന്നതോ ആണ്.
നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയിൽ നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന അതിവേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.
നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിളിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു.
കുഴിനഖം മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
- കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.
- പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ഒരു പാത്രത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്.
- ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.
- കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതു പോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുന്ന ഒന്നാണ്.
- കറുവാപ്പട്ടയുടെ ഓയില്‍ മറ്റൊരു വഴിയാണ്. ഇതെല്ലാം നഖത്തില്‍ പുരട്ടാം.വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക.
- മയിലാഞ്ചിയുടെ ഇല ഇതിനുളള മറ്റൊരു പരിഹാരമാണ്. ഇത് അരച്ച് ഇതില്‍ നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും ഗുണം നല്‍കും.
- കീഴാര്‍നെല്ലിയെടുത്ത് അരച്ച് ഇടുന്നത് ഗുണം നല്‍കും. വെളുത്തുള്ളി ഫംഗല്‍ ബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനിഗര്‍ ചേര്‍ത്തും ഇടാം. ഇതെല്ലാം കുറച്ചു കാലം തുടർച്ചയായി ചെയ്താലാണ് ഗുണം ലഭിക്കുക.
ഡോക്ടറെ വീട്ടിലേക്ക് വിളിക്കണോ ?
കുഴിനഖത്തോടൊപ്പം ചിലരിൽ അണുബാധയും പഴുപ്പും പൂപ്പൽ ബാധയും ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഒരു സർജനെ കാണിക്കുക. ആദ്യം മരുന്നു ചികിത്സയായിരിക്കാം നിർദേശിക്കുക. ശേഷം പഴുപ്പു മാറി കഴിയുമ്പോൾ ലോക്കൽ അനസ്തീസിയ നൽകി ഒരു ചെറിയ സർജറിയിലൂടെ അകത്തേക്കു വളരുന്ന കേടു വന്ന നഖത്തെ നീക്കം ചെയ്യേണ്ടിയും വരാം. ഇങ്ങനെയെ പലരിലും കുഴിനഖത്തിനു ശാശ്വത പരിഹാരം കാണാനാകൂ. തുടർന്നും വരാനുള്ള സാധ്യതകളും ഒഴിവാക്കണം