Saturday, April 19, 2025

HomeHealth & Fitnessരക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക

spot_img
spot_img

സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിൽ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസ നിരക്ക്, രക്തത്തിലെ ഓക്‌സിജന്‍ എന്നിവയെല്ലാം ട്രാക്ക് ചെയ്യുന്നതുപോലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനാകും എന്ന് അവകാശപ്പെടുന്ന കമ്പനികളുമുണ്ട്. നിരവധി പ്രമേഹ രോഗികൾ തങ്ങളുടെ ഷുഗർ പരിശോധിക്കാനായി ഇത്തരത്തിൽ സ്മാർട്ട് വാച്ചുകളും സ്മാർട്ട് റിംഗുകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പൊതുജനങ്ങൾക്കും ഡോക്ടർമാർക്കും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ ഹെൽത്ത് റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ.

പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിനായി ആമസോൺ, മീഷോ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങുന്ന സ്മാർട്ട് വാച്ചുകളുടെയും ഉപകരണങ്ങളുടെയും ഗണ്യമായ വർദ്ധനവ് കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നതിനായി നോൺ-ഇൻവേസിവ് സാങ്കേതികവിദ്യകൾക്കൊന്നും ആരോഗ്യ വിദഗ്ധർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല എന്നതാണ് വാസ്തവം. സൂചി ഉപയോഗിച്ച് കുത്തി രക്തസാമ്പിൾ എടുക്കുന്ന പരമ്പരാഗത രീതികൾ തന്നെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിൽ കൂടുതൽ വിശ്വസനീയമായതെന്ന് പ്രിവൻ്റീവ് ഹെൽത്ത് കെയർ കമ്പനിയായ GOQii – സ്ഥാപകനും സിഇഒയുമായ വിശാൽ ഗോണ്ടൽ വ്യക്തമാക്കി.

ഇന്ന് ഗ്ലൂക്കോസിൻ്റെ അളവ് കൃത്യമായി വിലയിരുത്തുമെന്ന് അവകാശപ്പെട്ടു കൊണ്ട് നിരവധി ഉപകരണങ്ങൾ വിപണിയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ ഈ സാങ്കേതികവിദ്യകൾ തെറ്റായ വിവരങ്ങൾ ആയിരിക്കും ഉപഭോക്താക്കൾക്ക് കൈമാറുക. ഇത്തരത്തിൽ അളക്കുമ്പോൾ 50 ശതമാനത്തിൽ അധികം നിരക്കും ചില ഉപകരണങ്ങളിൽ കാണിക്കാറുണ്ടെന്നും വിശാൽ ഗോണ്ടൽ ചൂണ്ടിക്കാട്ടി. അതേസമയം 2023-ൽ ഇന്ത്യയുടെ സ്മാർട്ട് വാച്ച് കയറ്റുമതി 50 ശതമാനം വളർച്ച കൈവരിച്ചതായി ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിൻ്റ് പറയുന്നു. കഴിഞ്ഞവർഷം വിപണിയിൽ 125-ലധികം സ്മാർട്ട് വാച്ച് ബ്രാൻഡുകൾ സജീവമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

Samsung, Noise, Fire Boltt, boAt തുടങ്ങിയ സ്മാർട്ട് വാച്ച് മേഖലയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകൾ പോലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതായി വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇവ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ ഇതിലൂടെ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുവെന്നാണ് അവകാശവാദം. എന്നാൽ അത് കൃത്യമായ വിവരങ്ങൾ ആണോ എന്നത് സംശയാതീതമായി തുടരുകയാണ്. കൂടാതെ ഡോക്ടർമാർ നൽകുന്ന ചികിത്സ അതിന്റെ കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോൾ ഇത്തരത്തിലുള്ള പരിശോധന പ്രമേഹ രോഗികളിൽ അപകടസാധ്യതയ്ക്ക് കാരണമാകുന്നു എന്നും ഗോണ്ടൽ കൂട്ടിച്ചേർത്തു.

ഇത്തരം ഉപകരണങ്ങൾ സാധാരണയായി ചർമ്മത്തിലോ വയറിലോ കൈയ്യിലോ ധരിക്കാൻ കഴിയുന്ന ചെറിയ സെൻസറുകളാണ്. സൂചി ഉപയോഗിച്ച് കുത്താത്ത ഉപകരണങ്ങൾ കൃത്യത ഉറപ്പാക്കുന്നില്ലെന്നും അത്തരത്തിലുള്ള ഒരു ഉപകരണത്തിനും റെഗുലേറ്റർമാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല എന്നും മാക്‌സ് ഹെൽത്ത്‌കെയറിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും ഹെഡുമായ ഡോ.അംബ്രിഷ് മിത്തൽ പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ കൃത്യമായ അളവ് അറിഞ്ഞാൽ മാത്രമേ മരുന്നുകളുടെയും ഇൻസുലിൻ്റെയും ഡോസ് ക്രമീകരിക്കാൻ ഡോക്ടർമാർക്ക് സാധിക്കുകയുള്ളൂ.

നോൺ-ഇൻവേസിവ് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സാങ്കേതികവിദ്യ ഭാവിയിൽ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നിലവിൽ ഇത്തരം മാർഗങ്ങൾ പ്രയോജനപ്പെടുത്തുന്നത് ഒഴിവാക്കുന്നതായിരിക്കും ഉചിതം. കാരണം അത്തരം ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന രക്തത്തിലെ ഗ്ലൂക്കോസ് റീഡിംഗിനെ ആശ്രയിച്ച് ചികിത്സകൾ സ്വീകരിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കാമെന്നും മിത്തൽ അഭിപ്രായപ്പെട്ടു. കൂടാതെ അനധികൃതമായി രക്തത്തിലെ ഗ്ലൂക്കോസ് അളക്കുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൻ്റെ അപകടസാധ്യതയെക്കുറിച്ച് രോഗികൾക്ക് നിർദ്ദേശം നൽകാനും എഫ്ടിഎ ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments