ക്യാൻസർ ഇല്ലാതിരുന്നിട്ടും കടുത്ത ചികിത്സയിലൂടെ കടന്നുപോവേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസ് വനിത. ഒരിക്കൽ പോലും കാൻസർ വന്നിട്ടില്ലെന്ന് അറിയാൻ വേണ്ടി കടുത്ത കീമോതെറാപ്പിയാണ് ചെയ്യേണ്ടി വന്നത്. രണ്ട് കുട്ടികളുടെ അമ്മയായ 39കാരി ലിസ മോങ്കാണ് തൻെറ ജീവിതത്തിലെ കഠിനമായ കാലത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 2022ൽ കടുത്ത വയറുവേദന കാരണമാണ് അവർ ആശുപത്രിയിൽ ചെന്നത്. കിഡ്നി സ്റ്റോൺ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടന്ന വിദഗ്ദ ചികിത്സയിൽ ലിസയ്ക്ക് ക്യാൻസർ ആണെന്ന് ഡോക്ടർമാർ വിധിയെഴുതി. പാത്തോളജി ടെസ്റ്റിലൂടെയാണ് ഇത് ഡോക്ടർമാർക്ക് വ്യക്തമായത്.
ക്ലിയർ സെൽ ആൻജിയോസർക്കോമ എന്ന അപൂർവ ഇനത്തിൽ പെട്ട ക്യാൻസറാണ് ലിസയ്ക്ക് ഡോക്ടർമാർ സ്ഥിരീകരിച്ചത്. രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു തരം കാൻസറാണിത്. തനിയ്ക്ക് ചികിത്സയ്ക്കായി 15 മാസം തരാനാണ് ഡോക്ടർമാർ അക്കാലത്ത് തന്നോട് പറഞ്ഞതെന്ന് ലിസ വ്യക്തമാക്കി. പിന്നീട് താൻ കടന്നുപോയത് വല്ലാത്ത മാനസികാവസ്ഥയിലൂടെ ആയിരുന്നുവെന്ന് ലിസ പറഞ്ഞു. കുടുംബത്തെ അവർ ഈ വാർത്ത അറിയിക്കുകയും ചെയ്തു. കടുത്ത കീമോതെറാപ്പി സെഷനുകളായിരുന്നു ചികിത്സയുടെ അടുത്ത ഘട്ടം. കീമോയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ ലിസയുടെ മുടി പൂർണമായും നഷ്ടമായി. പിന്നീട് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉണ്ടായി. മാസങ്ങളോളം നീണ്ട ചികിത്സ കഴിഞ്ഞതിന് ശേഷമാണ് മറ്റൊരു സത്യം ബോധ്യപ്പെടുന്നത്.
യഥാർഥത്തിൽ ലിസയ്ക്ക് ക്യാൻസർ ഇല്ലായിരുന്നു! കൃത്യമായി റിപ്പോർട്ട് പരിശോധിക്കാതിരുന്നതിനാൽ ഡോക്ടർമാർക്ക് സംഭവിച്ച പിഴവാണ് അവർ ഈ ചികിത്സയിലൂടെ കടന്നുപോവാൻ കാരണമായത്. കീമോ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഒരു നഴ്സാണ് തൻെറ റിപ്പോർട്ട് പരിശോധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചതെന്ന് ലിസ പറഞ്ഞു. “എൻെറ അസുഖലക്ഷണമെല്ലാം ചോദിച്ച് മനസ്സിലാക്കിയ അവർ ലാബ് റിപ്പോർട്ടുകൾ തിരിച്ചും മറിച്ചും നോക്കി. ഡോക്ടറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് പിന്നീട് ഒരൊറ്റ ഓട്ടമായിരുന്നു. പിന്നീട് ഡോക്ടർ വരികയും എനിക്ക് ക്യാൻസർ ബാധിച്ചിരുന്നില്ലെന്ന് പറയുകയും ചെയ്തു. എന്ത് പറയണമെന്ന് അറിയാൻ വയ്യാത്ത മാനസികാവസ്ഥയിലൂടെയാണ് അപ്പോൾ ഞാൻ കടന്നുപോയത്,” ലിസ പറഞ്ഞു. “പിന്നീട് ഡോക്ടർ എന്നെ അഭിനന്ദിച്ചു. അത് എന്തിനായിരുന്നുവെന്ന് എനിക്ക് മനസ്സിലായില്ല,” അവർ കൂട്ടിച്ചേർത്തു.
തൻെറ രണ്ടാം ഘട്ട കീമോതെറാപ്പിക്ക് മുമ്പ് തന്നെ ക്യാൻസർ ഇല്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള പുതിയ ലാബ് റിപ്പോർട്ട് വന്നിരുന്നുവെന്ന് ലിസ പിന്നീട് മനസ്സിലാക്കി. റിപ്പോർട്ട് ഡോക്ടർമാർ പരിശോധിക്കാൻ വൈകിയതിനാൽ ലിസ രണ്ടാം ഘട്ട കീമോയ്ക്ക് വിധേയയാകേണ്ടിയും വന്നു. ക്യാൻസർ ഇല്ലെന്ന് റിപ്പോർട്ട് വന്നുവെങ്കിലും അത് ഉറപ്പാക്കാൻ പിന്നെയും രണ്ട് മാസം വേണ്ടി വന്നു. കാൻസർ ഇല്ലാതെ കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയയായ തൻെറ ശരീരം ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണെന്ന് ലിസ പറയുന്നു. ഒരു വർഷത്തിലധികമായി ചികിത്സയുടെ ക്ഷീണവും മറ്റ് ബുദ്ധിമുട്ടുകളും ലിസയെ പിന്തുടരുന്നുണ്ട്. എന്നാൽ അവസാനിച്ചുവെന്ന് കരുതിയ ജീവിതം തിരിച്ചുകിട്ടിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ലിസ വ്യക്തമാക്കി.