രാജ്യത്ത് കൗൺസിലിംഗിന് വിധേയരാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 65 ശതമാനത്തിലധികം വർധനവ് ഉണ്ടായതായി റിപ്പോർട്ട്. 2020ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ 42 മിനിറ്റിലും ഒരു കുട്ടി സ്വയം ജീവനൊടുക്കുന്നുണ്ട്. ഒരു ദിവസം ഏകദേശം 34 കുട്ടികൾ ജീവനൊടുക്കുന്നു. ലഭ്യമായ കണക്കുകൾ അനുസരിച്ച് 2019 നും 2021 നും ഇടയിൽ രാജ്യത്ത് 35,950 കുട്ടികളാണ് ജീവനൊടുക്കിയത്. സ്വയം ജീവനൊടുക്കുന്ന കർഷകരുടെ എണ്ണത്തിലും അധികമാണ് പല കാരണങ്ങൾ കൊണ്ടും ജീവനൊടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം.
ഇതിൽ കൂടുതലും പല മത്സര പരീക്ഷകൾക്കായും മറ്റും പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണെന്നാണ് വിവരം. 14 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികളാണ് കൂടുതലും കൗൺസിലിംഗിന് എത്തുന്നത്. പഠനത്തിലെ ശ്രദ്ധയില്ലായ്മ, പരീക്ഷാ പേടി, തോൽവിയോടുള്ള ഭയം, ആവശ്യത്തിന് പ്രചോദനം ലഭിക്കാത്ത അവസ്ഥ, ഉറക്കമില്ലായ്മ, അനാവശ്യ ചിന്തകൾ, പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാണ് മിക്ക വിദ്യാർത്ഥികളെയും അലട്ടുന്ന കാര്യങ്ങളായി കൗൺസിലിംഗിൽ കണ്ടെത്തിയത്. കൂടാതെ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കുട്ടികളുടെ മാനസിക നിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുന്നത് അവർക്ക് അനുകൂലമായ പിന്തുണയും ആവശ്യമായ മാനസിക ധൈര്യവും നൽകാൻ നമുക്ക് കഴിയാത്തതുകൊണ്ടാണെന്നും വിദ്യാഭ്യാസം, തൊഴിൽ, പ്രണയ ബന്ധങ്ങൾ എന്നിവയിലൂടെ കടന്നു പോകുന്ന രാജ്യത്തെ യുവ തലമുറക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും പീക്ക് മൈൻഡ് (PeakMind) സ്ഥാപകനും സിഇഒയുമായ നീരജ് കുമാർ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങൾക്കായി ഇവർ വിദഗ്ദരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്ന രീതി കണ്ട് വരുന്നതായും ജീവിത ഘട്ടങ്ങളിൽ പ്രയാസങ്ങൾ നേരിടുന്നവരെ കണ്ടെത്തി സഹായങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഇതിലൂടെ അവരുടെ മാനസിക നില മെച്ചപ്പെടുക മാത്രമല്ല മറിച്ച് അവരിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുവാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ “എവരി ചൈൽഡ് മറ്റേഴ്‌സ് (Every Child Matters)” എന്ന ആപ്തവാക്യവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം UMMEED (Understand, Motivate, Manage, Empathise, Empower, Develop ) എന്ന പേരിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. സ്കൂളുകളിൽ പ്രവർത്തിക്കുന്ന വെൽനസ്സ് ടീമുകൾ (SWT) വഴി മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യം. ജീവിതത്തിൽ ഉണ്ടാകുന്ന തോൽവികളെയും പ്രശ്നങ്ങളെയും സ്വയം പരിഹരിച്ചു മുന്നേറാൻ ഓരോ വിദ്യാർത്ഥികളെയും പ്രാപ്തമാക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.