മലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറിയാണ് തക്കാളി. തക്കാളിയില്ലാത്ത ആഹാരം നമുക്ക് സങ്കൽപ്പിക്കാനാകുമോ? മലയാളക്കരയിൽ പ്രിയപ്പെട്ടതും ജനകീയവുമാണെങ്കിൽ തക്കാളി യഥാർത്ഥത്തിൽ വിദേശിയാണ്.
അമേരിക്കൻ വൻകരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. 16ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നാണ് തക്കാളി യൂറോപ്പിലെത്തുന്നത്. ഇന്ത്യയിൽ കൊണ്ടുവന്നത് പോർച്ചുഗീസുകാരും.
പാവപ്പെട്ടവന്റെ ഓറഞ്ച് എന്ന് അറിയപ്പെടുന്ന തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലാം തക്കാളി നൽകുന്ന സംഭാവന വലുതാണ്.
ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ എ,സി,കെ, ഫോലേറ്റ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ഫോസ്‌ഫറസ്, ചെമ്പ് എന്നിവയെല്ലാം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ ഏഴ് ശതമാനം ഒരു കപ്പ് തക്കാളിയിൽ നിന്നും ലഭിക്കും. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും നല്ലതാണ്.
പോഷകാഹാര വിദഗ്ധർ പച്ചക്കറിയായി കണക്കാക്കുന്ന പഴങ്ങളാണ് തക്കാളി. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിൻ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമാക്കാൻ സഹായിക്കും.
95 ശതമാനം ജലവും 5 ശതമാനം കാർബോയും ഫൈബറുമാണ് ഈ അത്ഭുത പഴത്തിലടങ്ങിയിരിക്കുന്നത്. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.
ചർമത്തിന് തിളക്കം വർധിപ്പിക്കാൻ ആഴ്ച്ചയിലൊരിക്കൽ തക്കാളി നീര് മുഖത്ത് തേച്ച്പിടിപ്പിച്ച് 15 മിനുട്ടിനു ശേഷം കഴുകിക്കളയാം. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേച്ച് പിടിപിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയണം. ഇത് താരനെ അകറ്റാനും തലമുടിക്ക് തിളക്കവും മൃദുത്വവും നൽകും.
ശ്രദ്ധിക്കുക: അമിതമായി എന്ത് കഴിച്ചാലും ദോഷമാണ്. ആദ്യം ആരോഗ്യവിദഗ്ധനെ കണ്ട് നിർദേശങ്ങൾ സ്വീകരിച്ച ശേഷം മാത്രം പ്രയോഗത്തിൽ വരുത്തുക.