ആറു മാസത്തോളമായി കൈകളിലും കാലുകളിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് 50 വയസുകാരിയായ രാജശ്രീ ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ സുധീർ കുമാറിനെ സമീപിച്ചത്. ഇത് രാജശ്രീയുടെ ഉറക്കത്തെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും സാരമായി ബാധിച്ചിരുന്നു. വിശദമായ പരിശോധനയിൽ രാജശ്രീക്ക് വൈറ്റമിൻ ബി 12 ന്റെ കുറവുണ്ടെന്ന് ഡോക്ടർ കണ്ടെത്തി.
രാജശ്രീ പ്രധാനമായും വെജിറ്റേറിയൻ ഭക്ഷണമാണ് കഴിച്ചിരുന്നത്. ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ചയിൽ ഒരിക്കലോ മാത്രമാണ് മാംസാഹാരം കഴിച്ചിരുന്നത്. ഇതും വൈറ്റമിൻ ബി 12 കുറയാൻ കാരണമായെന്ന് ഡോക്ടർ ഡോ സുധീർ കുമാർ പറയുന്നു. സമഗ്രമായ പരിശോധനക്കും ടെസ്റ്റുകൾക്കും ശേഷം, വൈറ്റമിൻ ബി 12 കുത്തിവെയ്പുകളും മരുന്നുകളും നൽകി രാജശ്രീക്ക് ചികിത്സ ആരംഭിച്ചു. ആറാഴ്ചയ്ക്ക് ശേഷം രാജശ്രീയുടെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടെന്നും ഡോക്ടർ പറയുന്നു.
വൈറ്റമിൻ ബി 12 കുറയുന്നതിന്റെ മറ്റ് ലക്ഷണങ്ങൾ
വൈറ്റമിൻ ബി 12 കുറയുന്നതു സംബന്ധിച്ച ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടണം എന്നില്ല. ചിലപ്പോൾ മറ്റു ചില രോഗങ്ങളായും അത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇത് രോഗനിർണയം കൂടുതൽ സങ്കീർണമാക്കുന്നു. ഉദാഹരണത്തിന്, മൂഡ് സ്വിങ്സ് ഉണ്ടാകുന്നത് വൈറ്റമിൻ ബി 12 വിന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു ലക്ഷണമാണ്. എന്നാൽ പലപ്പോഴും ഇത് തിരിച്ചറിയപ്പെെടണം എന്നില്ല.
വൈറ്റമിൻ ബി 12വിന്റെ അഭാവം മൂലം മാനസികനിലയിൽ പല വ്യതിയാനങ്ങളും അനുഭവിച്ചയാളാണ് 40 കാരനായ ഗണേശ്. കൃത്യമായ കാരണങ്ങൾ ഇല്ലാതെ ഇയാൾ അസ്വസ്ഥനാകാൻ തുടങ്ങിയത് ഭാര്യയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പലതവണ ഗണേശ് കാരണം കൂടാതെ പ്രകോപിതനായി. ഒരിക്കൽ പത്തു സെക്കൻഡോളം നേരം ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെട്ട് പെരുമാറി. ആ നിമിഷം എന്താണ് സംഭവിച്ചതെന്ന് ഗണേശിന് ഇപ്പോൾ ഓർത്തെടുക്കാനും ആകുന്നില്ല. വൈറ്റമിൻ ബി 12 ന്റെ അഭാവമാണ് ഈ പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി. ഗണേശും ഒരു സസ്യാഹാരി ആയിരുന്നു.
വൈറ്റമിൻ ബി 12 ന്റെ കുറവ് കേൾവിക്കുറവിനും ടിന്നിറ്റസിനും (tinnitus) കാരണമാകുന്നു എന്നും ഡോക്ടർമാർ പറയുന്നു. അതിനാൽ, കേൾവിക്കുറവോ ടിന്നിറ്റസോ ഉള്ള ആളുകൾ വൈറ്റമിൻ ബി 12 പരിശോധിക്കുന്നത് നല്ലതാണ്. വൈറ്റമിൻ ബി 12 ന്റെ അഭാവം പെരിഫറൽ ന്യൂറോപ്പതി, ഡിമെൻഷ്യ, സൈക്കോസിസ്, വിഷാദം, അപസ്മാരം, മെഗലോബ്ലാസ്റ്റിക് അനീമിയ എന്നിവയുൾപ്പെടെ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നതായും ഡോക്ടർമാർ പറയുന്നു.
വൈറ്റമിൻ ബി 12 ന്റെ കുറവു മൂലമുള്ള രോഗലക്ഷണങ്ങളുമായി ദിവസേന രണ്ടു മുതൽ നാലു വരെ രോഗികൾ തന്റെ അടുത്ത് എത്താറുണ്ടെന്ന് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ സുധീർ കുമാർ ന്യൂസ് 18 നോട് പറഞ്ഞു. പ്രതിമാസം ഇത്തരത്തിലുള്ള അൻപതോ അറുപതോ രോഗികൾ ഇവിടെ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ രോഗം നിർണയിക്കാനായാൽ ചികിത്സ എളുപ്പമാകുമെന്നും രോഗം ഭേദമാകുമെന്നും അദ്ദേഹം പറഞ്ഞു.