1. നെഞ്ച് വേദന അല്ലെങ്കിൽ ബുദ്ധിമുട്ട്
പുരുഷന്മാർ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണമാണിത്. ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് മുന്നിലുള്ളത്. പല കാരണങ്ങൾക്കൊണ്ടും നെഞ്ച് വേദന വരാം. എന്നിരുന്നാലും, ഈ ലക്ഷണം അവഗണിക്കുന്നത് ജീവനു തന്നെ ഭീഷണിയായേക്കാം. ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകൾ നെഞ്ചിലുണ്ടായാൽ എത്രയും വേഗം തന്നെ ചികിത്സ തേടേണ്ടതാണ്.
2. ശ്വാസം മുട്ടൽ
ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ് ശ്വാസം മുട്ടൽ. കായികമായി അധ്വാനിക്കുമ്പോഴോ വിശ്രമത്തിലായിരിക്കുമ്പോഴോ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടലും സ്ഥിരമായി നിലനിൽക്കുന്ന ശ്വാസം മുട്ടലും പുരുഷന്മാർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസം മുട്ടൽ ചിലപ്പോൾ ആസ്ത്മ, സിഒപിഡി (chronic obstructive pulmonary disease) എന്നിവയുടെ ലക്ഷണവുമാകാം. പുകവലിക്കാരിലും ശ്വാസം മുട്ടൽ കണ്ടുവരുന്നുണ്ട്.
3. കാരണമില്ലാതെ ശരീരഭാരം കുറയുന്നു അല്ലെങ്കിൽ ശരീരഭാരം കൂടുന്നു
ഏറെ ശ്രദ്ധ വേണ്ട ആരോഗ്യപ്രശ്‌നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പെട്ടെന്ന് ശരീരഭാരം കുറയുന്നത് കാൻസർ, ഹൈപ്പർതൈറോയിഡിസം, അല്ലെങ്കിൽ ദഹനസംബന്ധിയായ പ്രശ്‌നങ്ങൾ എന്നിവയുടെ ലക്ഷണമാകാം ഇത്. അതേസമയം, പെട്ടെന്ന് ശരീരഭാരം കൂടുന്നതാണെങ്കിൽ ഹോർമോണൽ, ദഹനസംബന്ധിയായ പ്രശ്‌നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
4. ക്ഷീണം/ അലസത
സ്ഥിരമായി കഠിനമായ ക്ഷീണം അനുഭവപ്പെടുകയോ ഊർജം നഷ്ടപ്പെടുന്നതായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഒരിക്കലും അവഗണിക്കാൻ പാടില്ല. സ്ഥിരമായി നിലനിൽക്കുന്ന ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണ്. വിളർച്ച, വിഷാദം, ഉറക്കക്കുറവ്, തൈറോയിഡ് പ്രശ്‌നങ്ങൾ എന്നിവ മൂലമെല്ലാം ക്ഷീണം അനുഭവപ്പെടാം. ക്ഷീണം തോന്നാനുള്ള കാരണം എത്രയും വേഗം കണ്ടെത്തുകയും അവ പരിഹരിക്കേണ്ടതും അത്യാവശ്യമാണ്.
5. വയറിനുള്ളിലെ പ്രശ്‌നങ്ങൾ
വയറിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പുരുഷന്മാർ ഒരിക്കലും അവഗണിക്കാൻ പാടില്ല. സ്ഥിരമായുണ്ടാകുന്ന വയറിളക്കം, മലബന്ധം, മലത്തിൽ ഉണ്ടാകുന്ന രക്തം എന്നിവയെല്ലാം ദഹനസംബന്ധിയായ പ്രശ്‌നങ്ങളിലേക്കും കുടലിലെ കാൻസർ എന്നിവയിലേക്കും നയിച്ചേക്കാം. അവ നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും കൃത്യസമയത്ത് ചികിൽസ ഉറപ്പാക്കേണ്ടതും ഏറെ പ്രധാനമാണ്.
6. ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നുക അല്ലെങ്കിൽ മൂത്രത്തിൽ രക്തം
പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രം പിടിച്ച് വെക്കാൻ പ്രയാസം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല്, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങൾ, പ്രോസ്‌റ്റേറ്റ് കാൻസർ എന്നിവയുടെ ലക്ഷണങ്ങളാണ് ഇവ. ഇവ നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കേണ്ടതുണ്ട്.
7. തുടർച്ചയായ നടുവേദന
നടുവേദന മിക്കവരിലും കാണപ്പെടാറുണ്ട്. എന്നാൽ,ഏറെ നാൾ ഇത് നീണ്ടുനിൽക്കുകയാണെങ്കിലോ മറ്റ് ലക്ഷണങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുകയാണെങ്കിലോ അത് അവഗണിക്കാൻ പാടില്ല. നട്ടെല്ലിലെ പ്രശ്‌നങ്ങൾ, വൃക്ക സംബന്ധിയായ പ്രശ്‌നങ്ങൾ എന്നിവയുടെയെല്ലാം ലക്ഷണങ്ങളാണ് ഇവ.
8. മാനസികാരോഗ്യം
32 ശതമാനം പുരുഷന്മാരും മാനസിക ആരോഗ്യപ്രശ്‌നങ്ങളിലൂടെയോ മോശമായ മാനസികാരോഗ്യത്തിലൂടെ കടന്നുപോകുന്നുവരോ ആണ്. ജോലിയിൽ നിന്നുള്ള സമ്മർദമാണ് ഇതിന് പ്രധാന കാരണം. ഇതിൽ വളരെ കുറഞ്ഞൊരു ശതമാനം ആളുകൾ മാത്രമാണ് ചികിത്സ തേടുന്നത്. സമൂഹത്തിൽ നിന്നുള്ള സമ്മർദങ്ങളും ഇതിന് ഒരു കാരണമാണ്. എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക. ശരീരം നൽകുന്ന മുന്നറിയിപ്പുകളിൽ ബോധവാന്മാരാകുക. നമ്മുടെ ആരോഗ്യമാണ് നമ്മുടെ ഏറ്റവും മൂല്യമേറിയ സമ്പത്ത്.