മഴയും ചൂടുമെല്ലാം മാറിമാറി വരുന്ന ഇക്കാലത്ത് ചര്‍മത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രത്യേകിച്ച് കുട്ടികളുടെ ചര്‍മ സംരക്ഷണത്തിന് ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഫംഗല്‍ അണുബാധ, റാഷസ്, തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ വ്യാപകമാകുന്ന കാലമാണിത്. കുട്ടികളുടെ ലോല ശരീരം സംരക്ഷിക്കാനാവശ്യമായി ചില മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. വ്യക്തിശുചിത്വം പാലിക്കുക: ശരീരശുചിത്വം പാലിക്കുകയെന്നതാണ് ഇക്കാലത്ത് ഏറ്റവും പ്രധാനം. ഭക്ഷണത്തിന് മുമ്പും പുറത്ത് പോയി വന്ന ശേഷവും കൈയ്യും കാലും വൃത്തിയായി കഴുകാന്‍ കുട്ടികളെ ശീലിപ്പിക്കണം. കുളിയും പ്രധാനമാണ്. ശരീരത്തില്‍ നിന്ന് അഴുക്കുകള്‍ കളയാനും വൃത്തിയായിരിക്കാനും ദിവസേനയുള്ള കുളി സഹായിക്കും. കുട്ടികളുടെ ശരീരത്തിന് യോജിക്കുന്ന കുറഞ്ഞ പിഎച്ച് സോപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു.
2. ചര്‍മ്മം ഡ്രൈയായി സൂക്ഷിക്കുക: ശരീരത്തിലെ അമിത ജലാംശം ഫംഗല്‍ അണുബാധയും റാഷസും ഉണ്ടാക്കും. അമിതമായി വിയര്‍പ്പ് അടിഞ്ഞുകൂടുന്ന കുട്ടികളുടെ ശരീരഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചര്‍മ്മരോഗങ്ങളുടെ ഈറ്റില്ലമാണ് ഇത്തരം സ്ഥലം. കക്ഷം, കാല്‍വിരലുകള്‍ക്കിടയിലെ വിടവുകള്‍ എന്നിവ വൃത്തിയാക്കി സൂക്ഷിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം.
3. വായുസഞ്ചാരമുള്ള വസ്ത്രം തെരഞ്ഞെടുക്കുക: ഈ സമയത്ത് അയഞ്ഞതും വായു സഞ്ചാരമുള്ളതുമായ വസ്ത്രമാണ് കുട്ടികള്‍ക്ക് ധരിക്കാന്‍ നല്‍കേണ്ടത്. കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കണം. കോട്ടണ്‍ വസ്ത്രങ്ങള്‍ പരമാവധി അവര്‍ക്ക് നല്‍കണം.
4. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക: അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കുട്ടികളുടെ ചര്‍മത്തിലേക്ക് എത്തും. ഇതില്‍ നിന്നും രക്ഷനേടാനായി എസ്പിഎഫ് 30 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സണ്‍സ്‌ക്രീനുകള്‍ കുട്ടികളുടെ ശരീരത്തില്‍ തേച്ച്പിടിപ്പിക്കണം. സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഇവ തേച്ചുപിടിപ്പിക്കേണ്ടത്. ഓരോ രണ്ട്-മൂന്ന് മണിക്കൂറുകള്‍ കൂടുമ്പോഴും ഇവ ഉപയോഗിക്കണം.
5. പാദസംരക്ഷണം: മണ്‍സൂണ്‍ സീസണില്‍ ഫംഗല്‍ അണുബാധകളുണ്ടാകാന്‍ സാധ്യതയുള്ളയിടമാണ് പാദങ്ങള്‍. അതിനാല്‍ വാട്ടര്‍പ്രൂഫ് ആയ ചെരിപ്പുകളും ഷൂസും കുട്ടികള്‍ക്ക് നല്‍കണം. ചെളിവെള്ളത്തിലും മറ്റും ഇറങ്ങി കളിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധ തടയാന്‍ വേണ്ടിയാണിത്. കൂടാതെ കളികഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ കൈയ്യും കാലും വൃത്തിയായി സോപ്പിട്ട് കഴുകാനും കുട്ടികളെ ശീലിപ്പിക്കണം. പാദം വിണ്ടുകീറുന്നത് തടയുന്ന ക്രീമുകളും കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
6. മറ്റുള്ളവരുടെ തോര്‍ത്തും ചീപ്പും ഉപയോഗിക്കരുത്: മറ്റുള്ളവര്‍ ഉപയോഗിച്ച തോര്‍ത്ത്, ചീപ്പ്, വസ്ത്രം, എന്നിവ ഉപയോഗിക്കരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ചമരോഗങ്ങളെ ചെറുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റിംഗ് വേം പോലുള്ള ഫംഗല്‍ അണുബാധ തടയാനും ഈ രീതി ഫലപ്രദമാണ്.\
7. ധാരാളം വെള്ളം കുടിക്കണം: ആരോഗ്യകരമായ ചര്‍മ്മ സംരക്ഷണത്തിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ധാരാളം വെള്ളം കുടിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലുകള്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്ക് ഒരു പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കും. ജലാംശം ധാരാളമടങ്ങിയ പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റണം.
8. ഡെര്‍മറ്റോളജിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തുക: കുട്ടികള്‍ക്ക് അമിതമായി ചര്‍മരോഗങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ചര്‍മ്മ രോഗവിദഗ്ധന്റെ സേവനം സ്വീകരിക്കണം. എക്‌സിമ പോലെയുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് ശരിയായ ചികിത്സാരീതി പിന്തുടരണം. ഇക്കാര്യത്തില്‍ സ്വയം ചികിത്സ അനുവര്‍ത്തിക്കരുത്.