കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയിലെ കുട്ടികൾക്കിടയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളിൽ ഭൂരിഭാഗവും മുമ്പ് ആരോഗ്യമുള്ളവരായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളിലെ പെട്ടെന്നുള്ള ഈ വർധനവിന് കാരണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടുമില്ല.
അഡെനോവൈറസ് ആണ് ഈ വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ എന്നും കരുതപ്പെടുന്നു. എങ്കിലും, ഇത് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. കൃത്യമായ കാരണം കണ്ടുപിടിക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണ്.
കുട്ടികൾക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് പല രീതിയിൽ പിടിപെടാം. മറ്റാരെങ്കിലും കഴിച്ച അതേ പ്ളേറ്റിൽ ഭക്ഷണം കഴിക്കുന്നത്, ഒരാൾ കഴിച്ചതിന്റെ ബാക്കി കഴിക്കുന്നത്, ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാൾ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത്, രക്തത്തിലൂടെ പകരുന്നത്, ഹെപ്പറ്റൈറ്റിസ് ബാധിച്ച കുട്ടികളുടെ മുറിവുകളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്, ഗർഭാവസ്ഥയിലുള്ള അമ്മ കുട്ടിയിലേക്ക് പകരുന്നത്, തുടങ്ങി വൈറൽ ഹെപ്പറ്റൈറ്റിസ് പകരാൻ പല സാധ്യതകളും ഉണ്ട്. എങ്കിലും രോഗം നേരത്തേ കണ്ടെത്തിയാൽ വാക്സിനേഷനിലൂടെ പ്രതിരോധിക്കാൻ കഴിയും.
മഞ്ഞപ്പിത്തം, മൂത്രത്തില നിറം മാറ്റം, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മലത്തിലെ നിറം മാറ്റം എന്നിവയെല്ലാമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച കുട്ടികൾ സാധാരണയായി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ. നേരിയ ലക്ഷണങ്ങളുള്ള മിക്ക കുട്ടികളും വൈദ്യസഹായം ലഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗമുക്തരാകാറുണ്ട്. എന്നാൽ ചിലരുടെ കരളിനെ ദീർഘ കാലത്തേക്ക് ഇത് ബാധിച്ചേക്കാം. കരൾ രോഗങ്ങളുള്ള ഒരു വയസിന് താഴെയുള്ള കുട്ടികൾക്ക് ഗുരുതരമായ ചില സങ്കീർണതകൾ ഉണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, അവർക്ക് വേണ്ടത്ര പരിചരണവും ചികിൽസയും ഉറപ്പാക്കേണ്ടതുണ്ട്. ചിലർക്ക് കരൾ മാറ്റിവെയ്ക്കേണ്ടതായും വന്നേക്കാം.
കുട്ടികൾ ഈ ലക്ഷണങ്ങൾ കാണിച്ചാൽ മാതാപിതാക്കൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. കാരണം, എത്രയും നേരത്തെ തിരിച്ചറിഞ്ഞ് രോഗം ചികിൽസിക്കുന്നുവോ അത്രയും എളുപ്പത്തിൽ കുട്ടികൾ സുഖപ്പെടും. അണുബാധ വേഗം തന്നെ കണ്ടെത്തി ചികിൽസിക്കേണ്ടത് ഏറെ പ്രധാനമാണ്. ഹെപ്പറ്റൈറ്റിസ് പ്രതിരോധ കുത്തിവയ്പ് എടുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.