അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപസിനു പ്രായം 54. കണ്ടാല്‍ 30 വയസ്സ് പോലും തോന്നില്ല. ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിര്‍ത്തുന്നു എന്നതാണ് ആരാധകരുടെ സംശയം. ഓരോ തവണ ജെന്നിഫറിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെടാറാണ് പതിവ്.
കൃത്യമായ വ്യായാമവും, ഭക്ഷണരീതികളും തന്നെയാണ് താരത്തിന്റെ ഈ ലുക്കിനു പിന്നില്‍. ജെന്നിഫറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ആരോഗ്യത്തോടെയിരിക്കാന്‍ കുറുക്കുവഴികളില്ല’. വ്യായാമമാണ് ഏറ്റവും പ്രിയപ്പെട്ടത്. ആഴ്ചയില്‍ 3,4 തവണയെങ്കിലും വര്‍ക്ഔട്ട് ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. ജോലിത്തിരക്കുകള്‍ കാരണം വളരെ വൈകി വിശ്രമിക്കുമ്പോഴും പിറ്റേ ദിവസത്തെ വര്‍ക്ഔട്ടിനെപ്പറ്റി ചിന്തിക്കും. പറ്റില്ലെന്ന് എന്റെ മനസ്സ് പറയുമ്പോഴും, നിനക്ക് കഴിയുമെന്ന് ഞാന്‍ സ്വയം പറയും, ഒരു മണിക്കൂറിന്റെ കാര്യമല്ലേ ഉള്ളുവെന്ന് ആശ്വസിക്കും മുന്‍പ് നല്‍കിയിട്ടുള്ള അഭിമുഖങ്ങളില്‍ ജെന്നിഫര്‍ ലോപസ് പറയുന്നു.
വ്യായാമത്തോടൊപ്പം താരം ഫ്രീ സ്‌റ്റൈല്‍ ഡാന്‍സും മിക്‌സ് ചെയ്യും. മനസ്സിന്റെ ആരോഗ്യവും വ്യായാമവും അടുത്ത ബന്ധമുണ്ടെന്ന് ജെന്നിഫര്‍ വിശ്വസിക്കുന്നു. മെലിയണമെന്ന് തോന്നുമ്പോള്‍ 30 മിനുട്ട് കാര്‍ഡിയോയും 30 മിനുട്ട് റെസിസ്റ്റന്‍സ് ട്രെയിനിങ്ങും ചെയ്യാറാണ് പതിവ്. സ്‌ട്രെങ്ത് ട്രെയിനിങ് എന്നെ കരുത്തയാക്കാറുണ്ടെന്നും ആരാധകരുടെ പ്രിയപ്പെട്ട ‘ജെലോ’ പറയുന്നു.
വ്യായാമം മാത്രമല്ല ഒരാളെ ആരോഗ്യവാനാക്കുന്നത്, കൃത്യമായ ഭക്ഷണശീലം പിന്തുടരണം. ജെന്നിഫര്‍ ലോപസിന്റെ ഡയറ്റില്‍ രാവിലെ ഷേക്ക് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീക്ക് യോഗര്‍ട്ട്, തേന്‍, പഴങ്ങള്‍, നാരങ്ങനീര്, പ്രോട്ടീന്‍ പൗഡര്‍, കറുവാപ്പട്ട എന്നിവയാണ് ചേരുവകള്‍. കാര്‍ബ് കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ ഭക്ഷണമാണ് ഉച്ചയ്ക്ക് കഴിക്കുന്നത്. മീന്‍, ചിക്കന്‍ വിഭവങ്ങള്‍, ബ്രോക്കലി, സുക്കിനി എന്നിവ ചേര്‍ത്ത സാലഡ് അതില്‍ പ്രധാനം. രാത്രി ഇഷ്ടമുള്ളത് കഴിക്കും, എന്നാല്‍ അളവ് വളരെ കുറച്ചാണെന്നു മാത്രം.
ആര്‍ക്കായാലും ഇടയ്ക്ക് എന്തെങ്കിലും കഴിക്കാനോ കൊറിക്കാനോ തോന്നും. അതുകൊണ്ടുതന്നെ തന്റെ കയ്യില്‍ എപ്പോഴും പഴങ്ങളും പച്ചക്കറികളും ഉണ്ടാകുമെന്ന് ജെന്നിഫര്‍ പറയുന്നു. വെള്ളം ഒരുപാട് കുടിക്കണം. കഴിയുമ്പോഴെല്ലാം ഇളനീരും കുടിക്കാറുണ്ട് താരം. മദ്യം, കോഫി എന്നിവ ജെന്നിഫര്‍ കുടിക്കാറില്ല, പുകവലിക്കാറുമില്ല. ആരോഗ്യത്തെ സംരക്ഷിക്കുന്നതിലേക്കായി ആപ്പിള്‍ സൈഡര്‍ വിനഗര്‍, മള്‍ട്ടി വൈറ്റമിനുകള്‍ എന്നിവയും താരം ഉപയോഗിക്കാറുണ്ട്.