ആരോഗ്യകരമായ ഭക്ഷണക്രമം: പിസിഒഎസിനെ മറികടക്കുന്നതിന് ആരോഗ്യമുള്ള ഭക്ഷണക്രമം നിര്‍ബന്ധമാണ്. ഇത് പ്രത്യുത്പാദന ക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പില്ലാത്ത ഇറച്ചി, ധാന്യങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അതുപോലെ മധുരം കൂടുതലായി അടങ്ങിയ ലഘുഭക്ഷണം, ശീതളപാനീയങ്ങള്‍ എന്നിവ കുറയ്ക്കുക. ബെറികള്‍, പച്ചിലക്കറികള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം പ്രത്യുത്പാദന ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.
മുടങ്ങാതെ വ്യായാമം ചെയ്യുക: പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളുടെ പ്രത്യുത്പാദന ക്ഷമത മെച്ചപ്പെടുത്തുന്നു. കായികമായി അധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനോടൊപ്പം ഇന്‍സുലിന്‍ റെസിസ്റ്റൻസ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സഹായിക്കും. നടത്തം, നീന്തല്‍ തുടങ്ങിയ മിതമായ വ്യായാമങ്ങള്‍ ദിവസം 30 മിനിറ്റോളം ശീലിക്കുക. അതേസമയം, പുതുതായി എന്തെങ്കിലും വ്യായാമമുറകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടാം.
മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാം: വലിയതോതില്‍ മാനസികസമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നത് പിസിഒസി ലക്ഷങ്ങള്‍ കൂടുതല്‍ മോശം സ്ഥിതിയിലാക്കും. ഇത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ വര്‍ധിക്കുന്നത് അണ്ഡോത്പാദന സാധ്യത കുറയ്ക്കുന്നു. ധ്യാനം, യോഗ, ശ്വാസോച്ഛാസ വ്യായാമങ്ങള്‍ എന്നിവ ചെയ്യുന്നത് സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സഹായിക്കും. ഹോബികള്‍ക്കായി സമയം കണ്ടെത്തുക, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇടപഴകാന്‍ അവസരം കണ്ടെത്തുക തുടങ്ങിയവക്ക് പുറമെ സ്വയം സ്‌നേഹിക്കാനും സമയം കണ്ടെത്തുക. ആവശ്യത്തിന് വിശ്രമവും വൈകാരികമായ സ്വസ്ഥതയും ഉറപ്പുവരുത്തുന്നത് വന്ധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ആര്‍ത്തവചക്രം നിരീക്ഷിക്കുക: ആര്‍ത്തവചക്രം സസൂക്ഷ്മം നിരീക്ഷിക്കുന്നത് ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള സമയത്തെക്കുറിച്ച് കുറെയേറെ ഉള്‍ക്കാഴ്ച നല്‍കും. എത്രദിവസം കൂടുമ്പോഴാണ് ആര്‍ത്തവം സംഭവിക്കുന്നത്, ആര്‍ത്തവദിനങ്ങളുടെ എണ്ണം, മറ്റ് സുപ്രധാന മാറ്റങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിക്കാന്‍ കഴിയും. ഇതിന് സഹായിക്കുന്ന ഒട്ടേറെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ശരീരത്തിന്റെ ഊഷ്മാവും യോനീ സ്രവവും നിരീക്ഷിക്കുന്നതും ഏറെ ഗുണം ചെയ്യും.
വന്ധ്യതാ ചികിത്സ
കുഞ്ഞുങ്ങളുണ്ടാകുന്നതിന് തടസ്സം നേരിടുന്ന, പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ചിലപ്പോള്‍ വന്ധ്യതാ ചികിത്സ ആവശ്യമായി വരാം. ശരിയായ വിധത്തില്‍ അണ്ഡോത്പാദനം നടത്താന്‍ സഹായിക്കുന്ന മരുന്നുകള്‍ മുതല്‍ അത്യാധുനിക ചികിത്സാ രീതികളായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വന്ധ്യതാ ചികിത്സ നല്‍കുന്ന ഡോക്ടര്‍ ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാരീതിയേതെന്ന് വ്യക്തമാക്കിത്തരും.
ഗര്‍ഭധാരണത്തെ പിസിഒഎസ് ഏറെ സ്വാധീനിക്കുമെങ്കിലും ശരിയായ രീതിയുള്ള സമീപനവും മാര്‍ഗനിര്‍ദേശങ്ങളും അതിനെ മറികടക്കാന്‍ സഹായിക്കുന്നു. മികച്ചൊരു ഡോക്ടറുടെ സഹായം തേടുന്നതും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നതും പോഷകസമൃദ്ധമായ ആഹാരക്രമം ശീലമാക്കുന്നതുമെല്ലാം ഒരുപരിധിവരെ പിസഒഎസിനെ നേരിടാന്‍ സഹായിക്കുന്നു. ഓരോ സ്ത്രീയുടെയും ഗര്‍ഭധാരണം എന്ന യാത്ര വ്യത്യസ്തമാണ്. അതിനാല്‍ ക്ഷമയോടെയും പ്രതീക്ഷയോടെയും നിലകൊള്ളാം.