ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി അമീബിക്ക് മെനിംഗോ എങ്കഫലൈറ്റിസ് എന്ന അപൂർവ രോഗം ബാധിച്ച് മരിച്ചതോടെയാണ് കേരളത്തിൽ ബ്രെയിൻ ഈറ്റിങ് അമീബിയ എന്ന രോഗാണുവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ആലപ്പുഴ പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്.
കുട്ടുയുടെ മരണം അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ചാണെന്ന് ജില്ലാ കളക്ടർ ഹരിതാ വി കുമാർ സ്ഥിരീകരിച്ചു. ഇതിനു മുമ്പ് 2017 ലാണ് അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം മുമ്പ് റിപ്പോർട്ട് ചെയ്തത്. അതും ആലപ്പുഴയിൽ തന്നെയായിരുന്നു. ഇതിനു ശേഷം ഇപ്പോഴാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്തത്.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽ പ്പെടുന്ന രോഗാണുക്കൾ ആണ് അസുഖത്തിന് കാരണമാകുന്നത്. മനുഷ്യ ശരീരത്തിലോ കടക്കുന്ന ഈ രോഗാണു തലച്ചോറിനെയാണ് ബാധിക്കുന്നത്.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലും ഇതേ രോഗം ബാധിച്ച് മുപ്പത് വയസ്സുകാരൻ മരിച്ചിരുന്നു. ആലപ്പുഴയിൽ മരിച്ച ഗുരുദത്തിനും ലാഹോറിൽ മരിച്ച യുവാവിനും രോഗബാധയുണ്ടായത് സമാന സാഹചര്യത്തിലാണ്. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് ലാഹോറിലെ യുവാവിനും ഗുരുദത്തിനും അസുഖം ബാധിച്ചത്. ഒരു ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം ഹൃദയാഘാതത്തെ തുടർന്നാണ് യുവാവിന്റെ മരണം.
എന്താണ് നെയ്ഗ്ലെറിയ ഫൗളറി?
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽ പ്പെടുന്ന രോഗാണുക്കളാണിത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി ഇത് മൂക്കിലോ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തിൽ കടക്കുന്നു. ഇതു വഴി തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫ ലൈറ്റിസ് ഉണ്ടാക്കാനിടയാക്കുന്നത്. കുളിക്കുമ്പോൾ വെള്ളം കുടിച്ചാൽ രോഗാണു ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. എന്നാൽ, ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ, വെള്ളം മൂക്കിൽ ശക്തിയായി കടന്നാൽ മൂക്കിലെ അസ്ഥികൾക്കിടയിലുള്ള നേരിയ വിടവിലൂടെ ഇവ ശരീരത്തിലേക്ക് കടക്കാം.
ലക്ഷണങ്ങൾ
തലവേദന, പനി, ഓക്കാനം, ഛർദ്ദി, അപസ്മാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നാല്‍ കഴുത്ത് വേദന, ചുഴലി ദീനം, മാനസിക പ്രശ്‌നം, വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും.
മുൻകരുതൽ
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ ഒഴിവാക്കണം. സ്വിമ്മിങ് പൂളുകളിലെ വെള്ളം കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.