ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നില്‍ ഡെല്‍റ്റ വകഭേദമെന്ന് വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് B. 1.617 വകഭേദം ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇതിന് B. 1.617.1, B. 1.617.2, B. 1.617.3 എന്നിങ്ങനെ മൂന്നു പിരിവുകള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ B. 1.617.2 ഡെല്‍റ്റ വകഭേദം യുകെയില്‍ വ്യാപകമായി പടരുന്നതായി അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി. യുകെയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 60 ശതമാനം കേസുകളും ഡെല്‍റ്റ വകഭേദം മൂലമാണ്.
യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആ.1.1.7 വകഭേദത്തേക്കാള്‍ പ്രബലമായ വകഭേദമായി ഡെല്‍റ്റ മാറിയെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസറും യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും കൂടിയായ ഫൗസി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകത്ത് അറുപതിലധികം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നു കഴിഞ്ഞു. അമേരിക്കയില്‍ ജനിതക സീക്വന്‍സിങ് നടത്തിയ അണുബാധകളില്‍ 6 % ഡെല്‍റ്റ വകഭേദമാണ്. ഈ വകഭേദത്തിന്റെ വ്യാപനം തടയാന്‍ എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ഫൗസി പറഞ്ഞു.
കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും ഡെല്‍റ്റ വകഭേദം യുകെയിലെ പ്രബല വകഭേദമായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.