വാഷിങ്ടന്‍: ചൈനീസ് നിര്‍മിത കോവിഡ് വാക്‌സീന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും കാര്യക്ഷമം ആയേക്കില്ലെന്നു യുഎസ് ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര വിപണിയില്‍ അനായാസം ലഭിക്കുന്ന ചൈനീസ് വാക്‌സീന്‍ വ്യാപകമായി ഉപയോഗിക്കുന്ന മംഗോളിയ, സീഷെല്‍സ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനയുടെ കണക്കുകളും പഠനവുമാണു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
സീഷെല്‍സ്, ചിലെ, ബഹ്‌റൈന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയുടെ 50–68 ശതമാനം ആളുകള്‍ ചൈനീസ് നിര്‍മിത വാക്‌സീനാണു സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെയുള്ള കാലയളവിനിടെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 10 രാജ്യങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു.
അതേ സമയം ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള രണ്ടാമത്തെ രാജ്യമായ ഇസ്രയേലില്‍ ജര്‍മന്‍ നിര്‍മിത ഫൈസര്‍ വാക്‌സീനാണ് ഉപയോഗിച്ചത്. 10 ലക്ഷം പേരില്‍ 4.95 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് ഇവിടെ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള സീഷെല്‍സില്‍ ഇതു 716 ആണ്. ചൈനീസ് വാക്‌സീനായ സിനോഫാമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരുന്നത്.
ചൈനയും ചൈനീസ് നിര്‍മിത വാക്‌സീന്‍ ഉപയോഗിച്ച തൊണ്ണൂറോളം രാജ്യങ്ങളിലും വാക്‌സിനേഷന്‍ നിരക്കില്‍ വര്‍ധന ഉണ്ടാകുമെങ്കിലും വൈറസില്‍നിന്നു ഭാഗികമായ സുരക്ഷ മാത്രമേ ലഭിക്കു എന്നാണു റിപ്പോര്‍ട്ട്.
സിനോഫാം വാക്‌സീന്റെ ക്ഷമതാ നിരക്ക് 78.1 ശതമാനമാണ്. സിനോവാക് വാക്‌സീന്റെ ക്ഷമതാ നിരക്കാകട്ടെ, 51.1 ശതമാനം മാത്രവും. രോഗവ്യാപനം തടയാന്‍ വാക്‌സീന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നുള്ളതിന്റെ വിശദ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടുമില്ല. ചിലെയില്‍ നടത്തിയ പഠനത്തിലാണു സിനോവാക്‌സിന്റെ ക്ഷമതയിലെ കുറവു കണ്ടെത്തിയത്.
വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച ഇന്തൊനീഷ്യയില്‍ സിനോവാക് വാക്‌സീന്റെ മുഴുവന്‍ ഡോസും സ്വീകരിച്ച 350 ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീണ്ടും കോവിഡ് ബാധിച്ചതായി ഇന്തൊനീഷ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു.
എന്നാല്‍ രോഗവ്യാപനത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വര്‍ധനയും വാക്‌സീനും തമ്മില്‍ ബന്ധമുള്ളതായി തോന്നുന്നില്ലെന്നു ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. പല രാജ്യങ്ങളിലെയും വാക്‌സിനേഷന്‍ നിരക്ക് രോഗവ്യാപനം തടയാനുള്ള അളവില്‍ കുറവാണെന്നും ഇവിടെ നിയന്ത്രണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശവും ചൈന ചൂണ്ടിക്കാട്ടി.