ന്യൂഡല്‍ഹി : അര്‍ബുദ ചികിത്സാ രംഗത്ത് വന്‍ പ്രതീക്ഷയേകി പുതിയ മരുന്ന്. ഇത് പരീക്ഷിച്ച രോഗികള്‍ക്കെല്ലാം പൂര്‍ണ്ണസൗഖ്യം ഉണ്ടായതായി റിപ്പോര്‍ട്ട്. മലാശയ അര്‍ബുദ ബാധിതരായ 18 പേരിലാണ് ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിച്ചതു വിജയം കണ്ടത്. പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭിക്കുന്നത് അര്‍ബുദ ചികിത്സാ രംഗത്ത് ആദ്യമാണ്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.
നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അര്‍ബുദ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. അര്‍ബുദ വളര്‍ച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോള്‍ അര്‍ബുദ വളര്‍ച്ച പൂര്‍ണമായും ഇല്ലാതായി. അര്‍ബുദ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വ ഫലങ്ങളൊന്നുമില്ല താനും.
ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ.ഡയസ് ജൂനിയര്‍ പറഞ്ഞു. അര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി.
ജീന്‍തലത്തില്‍നിന്നു തന്നെ രോഗം മാറുന്നുവെന്ന് ഉറപ്പാക്കുകയും കൂടുതല്‍ രോഗികളില്‍ ഫലവത്താകുകയും ചെയ്താല്‍ തീര്‍ച്ചയായും ഇതു നാഴികക്കല്ലാകും. യുവാക്കളില്‍ മലാശയ അര്‍ബുദം കൂടി വരുന്ന കേരളത്തില്‍ ഈ പഠനത്തിനു വളരെ പ്രസക്തിയുണ്ടെന്നു ഡോ. എം.വി.പിള്ള (പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ നെറ്റ്വര്‍ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്, യുഎസ്) പറഞ്ഞു.