ജനീവ: മലിനമായതും ഹാനികരവുമായ ഭക്ഷണം കഴിക്കുന്നതുമൂലം പ്രതിദിനം ലോകമെമ്പാടും 1.6 ദശലക്ഷം പേർ രോഗികളാവുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇവരിൽ 40 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണംമൂലം പോഷകാഹാരക്കുറവിനും മരണത്തിനും വരെ സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജ്യനൽ ഡയറക്ടർ സൈമ വാസെദ് അറിയിച്ചു. എല്ലാ വർഷവും ജൂൺ 7ന് ആചരിക്കുന്ന ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
മലിനമായ ഭക്ഷണം ഉൽപാദനക്ഷമത കുറയുന്നതിന് കാരണമാകും. ഇത് ഭക്ഷ്യജന്യ രോഗങ്ങൾ മൂലമുണ്ടാകുന്ന ചികിത്സാചെലവുകൾ വർധിപ്പിക്കും. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം 110 ബില്യൺ ഡോളറിന്റെ വാർഷിക നഷ്ടത്തിലേക്ക് ഇത് നയിക്കുന്നതായും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു.
മലിനമായ ഭക്ഷണത്തിന്റെ അപകടം ആഫ്രിക്കക്കു ശേഷം ഏറ്റവും കൂടുതൽ ബാധിച്ച ഭൂഭാഗം തെക്കുകിഴക്കനേഷ്യയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളോടൊപ്പം കീടങ്ങളുടെയും വിഷപ്രയോഗത്തിന്റെയും വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇതിന് ഒരു പ്രധാന കാരണം.
‘ഭക്ഷ്യ സുരക്ഷ ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. അത് ഉറപ്പാക്കുന്നതിൽ സർക്കാറുകളും ഉൽപാദകരും ഉപഭോക്താക്കളും അവരവരുടെ പങ്ക് വഹിക്കേണ്ടതുണ്ടെന്നും സൈമ വാസെദ് കൂട്ടിച്ചേർത്തു.