വിറ്റാമിൻ എ, കാൽസ്യം, പ്രോട്ടീൻ, അയഡിൻ, ബി 2, ബി 12 എന്നിവയാൽ സമ്പുഷ്ടമായ പാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഊർജം പകരുന്ന ഒരു സമീകൃതാഹാരമാണ്. എന്നാൽ പാലിന്റെ ഉപഭോഗവും അതിന്റെ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്. അതിലെ വസ്തുതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം…
പാൽ കുടിക്കുന്നത് കഫം ഉണ്ടാക്കുമോ?- പാൽ കുടിക്കുന്നത് കഫം രൂപപ്പെടാൻ കാരണമാകുമെന്ന ശക്തമായ വിശ്വാസം നമ്മിൽ മിക്കവർക്കും ഉണ്ട്. പാൽ ഉമിനീർ കട്ടിയാക്കുകയും തൊണ്ടയിൽ അടിയുകയും കഫം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ പാൽ ഉപഭോഗം ശ്വാസനാളത്തിലോ തൊണ്ടയിലോ കഫം ഉണ്ടാക്കുന്നതിനോ ജലദോഷം അല്ലെങ്കിൽ ആസ്ത്മ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നതോ തെളിയിക്കാൻതക്ക ശാസ്ത്രീയ പഠനഫലങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. പാൽ ഉപഭോഗത്തിന് കഫവുമായി ജലദോഷവുമായോ ചുമയുമായോ യാതൊരു ബന്ധവുമില്ലെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. വാസ്തവത്തിൽ, പാൽ കുടിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽനിന്ന് വേഗത്തിൽ മുക്തി നേടാൻ സഹായിക്കുന്നു, ജലദോഷവും പനിയുമുള്ളപ്പോൾ, വേഗം രോഗമുക്തി നേടാൻ ശരീരത്തിൽ നന്നായി ജലാംശം ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
പാൽ കുടിക്കുന്നത് വൃക്കയിലെ കല്ലിന് കാരണമാകുമോ? – ഇതിന് പിന്നിൽ ഒരു സത്യവുമില്ല. പാലിന്റെ ഉപയോഗം കല്ല് രൂപപ്പെടുന്നതിലേക്ക് നയിക്കില്ല, കൂടാതെ, പാൽ ഉപഭോഗം കല്ലുകളുടെ രൂപീകരണം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പാൽ ഉപഭോഗം വൃക്കയിലെ കല്ല് അപകടസാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു, അതേസമയം സപ്ലിമെന്റുകളുടെ രൂപത്തിൽ നമ്മളുടെ ശരീരത്തിലെത്തുന്ന കാൽസ്യം എല്ലായ്പ്പോഴും കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
പാൽ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമോ?- പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, സി, ഡി, ബി, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ നിങ്ങൾക്ക് നൽകുന്ന അവശ്യ ഭക്ഷണ ഘടകങ്ങളിലൊന്നാണ് പാൽ. നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്തുന്നതിനു പുറമേ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് ഏറ്റവും മികച്ച പാനീയമാണിത്. കൊഴുപ്പ് കുറഞ്ഞ പാലോ കൊഴുപ്പ് നീക്കിയ പാലോ കഴിക്കുക. കൊഴുപ്പ് മാറ്റിയാൽ പോലും ഇത് മുഴുവൻ പാലിന് തുല്യമായ എല്ലാ പോഷകങ്ങളും നിങ്ങൾക്ക് നൽകുന്നു.
പാൽ കുടിച്ചാൽ രാത്രിയിൽ ഉറക്കം നഷ്ടപ്പെടും- ജലദോഷമോ പനിയോ ഉണ്ടെങ്കിൽ രാത്രിയിൽ തണുത്ത പാൽ കുടിക്കുന്നത് ഒഴിവാക്കുക. എന്നാൽ ഉറക്കത്തിന്റെ രീതികളെ നിയന്ത്രിക്കുന്ന ഹോർമോണുകളായ ട്രിപ്റ്റോഫാൻ, മെലറ്റോണിൻ എന്നീ അമിനോ ആസിഡുകൾ പാലിൽ നിറഞ്ഞിരിക്കുന്നതിനാൽ ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ലതുപോലെ ഉറങ്ങാൻ സഹായിക്കും.