അബുദാബി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സീന്‍ നല്‍കിയ രാജ്യമായി യുഎഇ. ഇതുവരെ 1.55 കോടി ഡോസ് കോവിഡ് വാക്‌സീനാണു നല്‍കിയത്. വാക്‌സീന്‍ യോഗ്യരായവരില്‍ 72.1% പേരും 2 ഡോസും സ്വീകരിച്ചു. ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ 73.8% വരും.
ബ്ലൂംബര്‍ഗ് വാക്‌സീന്‍ ട്രാക്കര്‍ കണക്കനുസരിച്ചു സെയ്ഷല്‍സ് ആണ് രണ്ടാം സ്ഥാനത്ത് (71.1%). സിനോഫാം, ഫൈസര്‍, സ്പുട്‌നിക്5, അസ്ട്രാസെനക, മൊഡേണ എന്നീ 5 വാക്‌സീനുകളാണു യുഎഇ ആരോഗ്യമന്ത്രാലയം അംഗീകരിച്ചത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇവ സൗജന്യമായാണ് നല്‍കിവരുന്നത്. യുഎഇയില്‍ ഇതുവരെ 5.83 കോടി കോവിഡ് ടെസ്റ്റുകള്‍ നടത്തി.
ജനസംഖ്യയുടെ (98.9 ലക്ഷം) അഞ്ചിരട്ടിയിലേറെ പിസിആര്‍ പരിശോധനകളാണു യുഎഇയില്‍ നടത്തിയത്.
ജനസംഖ്യയെക്കാള്‍ കൂടുതല്‍ കോവിഡ് പരിശോധന നടത്തുന്ന ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. കോവിഡ് രോഗികള്‍, രോഗലക്ഷണമുള്ളവര്‍, സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, തൊഴിലാളികള്‍, പുരോഹിതര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ പരിശോധന നടത്തിവരുന്നു.
കൂടാതെ അബുദാബിയില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സൗജന്യ പരിശോധനകളും തുടരുകയാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ സൗജന്യ പരിശോധനകളെയാണ് സാധാരണക്കാര്‍ ആശ്രയിക്കുന്നത്. ഇതുമൂലം ഈയിനത്തില്‍ വന്‍തുക ലാഭിക്കാനാകും.