ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസത്തിലായി വാക്‌സീന്‍ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. അടിയന്തരാനുമതിക്കായി അപേക്ഷ നല്‍കിയ ഇവരുടെ സൈകോവ്ഡി വാക്‌സീന്‍ കുത്തിവയ്ക്കാതെ നല്‍കുന്ന “നീഡില്‍ ഫ്രീ’ വാക്‌സീനാണ്. ഇതിനായി “ഫാര്‍മജെറ്റ്’ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്.
സിറിഞ്ച് രീതിയിലുള്ള ഇഞ്ചക്ടിങ് ഗണ്ണാണിത്. തൊലിയ്ക്കടിയില്‍ നല്‍കുന്ന സൈകോവ് ഡി വാക്‌സീന്‍ നിറച്ചു സാധാരണ കുത്തിവയ്ക്കുംപോലെ അമര്‍ത്തും. ഇതില്‍ സൂചിയുണ്ടാകില്ല. പകരം, ഉയര്‍ന്ന സമ്മര്‍ദത്തില്‍ വാക്‌സീന്‍ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യയുണ്ടാകും.
കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാര്‍ശ്വഫലങ്ങളും കുറയുമെന്നതും ഉപയോഗിച്ചു തുടങ്ങിയാല്‍ എളുപ്പമാണെന്നതും പ്രത്യേകതകളാണ്. എന്നാല്‍, ഈ ഉപകരണത്തിന്റെ ലഭ്യത തുടക്കത്തില്‍ പ്രശ്‌നമായേക്കാമെന്നു കരുതപ്പെടുന്നു. ഇടക്കാല ട്രയല്‍ റിപ്പോര്‍ട്ടില്‍ 66.6% ഫലപ്രാപ്തിയാണു വാക്‌സീന് ലഭിച്ചത്.
വാക്‌സീനെടുത്ത ആരിലും രോഗം ഗുരുതരമാകുകയോ മരണമോ ഉണ്ടായില്ല. സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും വലിയ വാക്‌സീന്‍ പരീക്ഷണം നടത്തിയതു സൈകോവ് ഡി വാക്‌സീനിലാണ്. 50 കേന്ദ്രങ്ങളിലായി 28000 പേരിലായിരുന്നു മൂന്നാം ഘട്ട ട്രയല്‍. വാക്‌സീന്‍ വില സംബന്ധിച്ച സൂചനകള്‍ കമ്പനി നല്‍കിയിട്ടില്ല.
വാക്‌സീന്‍ നിര്‍മാണത്തിലെ പുതിയ സാങ്കേതിക വിദ്യകളിലൊന്നാണ് സൈകോവ് ഡിയില്‍ ഉപയോഗപ്പെടിത്തിയിരിക്കുന്നത്.
കൊറോണയുടെ ജനിതക വസ്തുവിനെ ശരീരത്തിലെത്തിക്കാനും പ്രതിരോധശേഷിയെ ഉണര്‍ത്താനും പ്ലാസ്മിഡ് ഡിഎന്‍എകളെ(കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്തു കാണുന്ന ഡിഎന്‍എ വ്യൂഹം) വാഹകരായി ഉപയോഗപ്പെടുത്തുന്നതാണ് ഈ വാക്‌സീന്റെ പ്രവര്‍ത്തന തത്വം.