കോവിഡിന്റെ മൂന്നാം തരംഗം ലോകത്തിന്റെ പല ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യയില്‍ ഉടനെ പ്രതീക്ഷിക്കാമെന്നും നിതി ആയോഗ് അംഗം ഡോ. വി. കെ. പോള്‍. മൂന്നാം തരംഗത്തിന്റെ വ്യാപനം കുറയ്ക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗത്തെ തുടര്‍ന്ന് സ്വീകരിച്ചു വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ മൂന്നാം തരംഗം മാരകമായേക്കാമെന്നും വി.കെ. പോള്‍ മുന്നറിയിപ്പ് നല്‍കി.
ലോകത്ത് കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് പ്രതിദിനം 3,90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറടി അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, വ്യാപകമായ വാക്‌സിനേഷന്‍ തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട കോവിഡ് പ്രോട്ടോകോളുകള്‍ അടുത്ത തരംഗത്തിന്റെ വ്യാപനം ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഐടി കാണ്‍പൂര്‍ ഒരു ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവചനം അനുസരിച്ച് സെപ്റ്റംബറോടെ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന് കരുതുന്നു. ഈ തരംഗത്തില്‍ പ്രതിദിനം 2 ലക്ഷം മുതല്‍ 5 ലക്ഷം വരെ കോവിഡ് കേസുകള്‍ പ്രതീക്ഷിക്കാമെന്നാണ് ഈ ഗണിതശാസ്ത്ര മോഡല്‍ പറയുന്നത്.
രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ കോവിഡ് കേസുകള്‍ മെയില്‍ പ്രതിദിനം 4 ലക്ഷം വരെ എത്തിയിരുന്നു. കോവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് പ്രതിദനം 98,000 വരെയാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്.
വാക്‌സിനേഷന്‍ വ്യാപകമാക്കാനായാല്‍ രണ്ടാം തരംഗത്തിന്റെ അത്ര ഉയര്‍ന്ന തോതിലുള്ള കേസുകള്‍ മൂന്നാം തരംഗ വേളയില്‍ ഇന്ത്യ നേരിടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തിന് പോലും ഇനിയും വാക്‌സിനേഷന്റെ രണ്ട് ഡോസുകളും നല്‍കാന്‍ സാധിച്ചിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ 14 വരെ 39 കോടി ഡോസ് വാക്‌സീനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. 7.33 കോടിയോളം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനുകളും ലഭിച്ചു. എന്നാല്‍ ആകെ ജനസംഖ്യയുടെ 7.8 ശതമാനത്തോളം മാത്രമേ ഇത് വരൂ. പല സംസ്ഥാനങ്ങളും ആവശ്യത്തിന് വാക്‌സീന്‍ ലഭ്യമല്ലെന്ന പരാതി ഉന്നയിക്കുന്നുണ്ട്.