ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് ഉറക്കം കിട്ടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് അധികമായാലും പ്രശ്‌നമാണ്. ഉറക്കമില്ലായ്മയും അമിതമായ ഉറക്കവും പുരുഷ വന്ധ്യതയിലേക്ക് നയിക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഒരു ദിവസം ഒരാള്‍ ഉറങ്ങേണ്ടതാണ്. ഇതിനേക്കാള്‍ കൂടുതലോ കുറവോ ഉറങ്ങിയാല്‍ ബീജോത്പാദനത്തില്‍ 42 ശതമാനം കുറവുണ്ടാകാമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
കുട്ടികളുണ്ടാകാത്തതിന് നമ്മുടെ സമൂഹത്തില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. എന്നാല്‍ കുട്ടികള്‍ ഇല്ലായ്മയിലേക്ക് നയിക്കുന്ന വന്ധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ആന്തരികവും ബാഹ്യവുമായ നിരവധി കാരണങ്ങളുണ്ട്. ചിലതരം ജീവിതശൈലികള്‍, പാരിസ്ഥിതിക, ജനിതക കാരണങ്ങള്‍ എന്നിവയും ഇവയ്ക്ക് പിന്നിലുണ്ടാകാം.
അമിതവണ്ണം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ബീജകോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കാം. ഗുഹ്യപ്രദേശത്ത് കൊഴുപ്പ് അടിയുന്നത് വൃഷ്ണങ്ങളിലെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഉത്പാദനത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യാം.
മസില്‍ പെരുപ്പിക്കാനും കായിക ക്ഷമത വര്‍ധിപ്പിക്കാനുമൊക്കെ ചിലര്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ചില രോഗങ്ങളുടെ ചികിത്സയ്ക്കും സ്റ്റിറോയ്ഡുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരം സ്റ്റിറോയ്ഡുകളുടെ തുടര്‍ച്ചയായ ഉപയോഗം പുരുഷന്മാരിലെ ബീജോത്പാദനത്തെ പ്രതികൂലമായി ബാധിക്കും.
വായു മലിനീകരണം ശ്വാസകോശത്തിനുള്‍പ്പെടെ പലതരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ബീജത്തിന്റെ ചലനക്ഷമതയെയും ആകൃതിയെയും തന്നെ ബാധിക്കാന്‍ വായു മലിനീകരണത്തിന് സാധിക്കുന്നതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇതും വന്ധ്യതയ്ക്ക് കാരണാകാം.
പ്ലാസ്റ്റിക് പാത്രങ്ങള്‍ ചൂടാക്കുമ്പോള്‍ ഇത് ബിസ്‌ഫെനോള്‍(ബിപിഎ) പുറത്ത് വിടുന്നു. മനുഷ്യരുടെ ഹോര്‍മോണില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാന്‍ ബിസ്‌ഫെനോളിന് സാധിക്കും. ഇതിനാല്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ മൈക്രോവേവ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
മദ്യപാനം അമിതമാകുന്നത് കരളിനെ മാത്രമല്ല ബീജോത്പാദനത്തെയും ബാധിക്കും. ഡിഎന്‍എയുടെ ഘടനയെയും പൂര്‍ണതയെയും തന്നെ അമിതമായ മദ്യപാനം ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുകവലിയും പുകയില ഉപയോഗവും പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്.