ചെറുപ്പം എന്നെന്നും നിലനിർത്താൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇതിനായി എത്ര പണം ചെലവഴിക്കാനും ഏത് ചികിത്സ നടത്താനും മടിക്കാത്തവരും ഉണ്ടാകും. നേരത്തെ സൗന്ദര്യ സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിൽ ഇന്ന് ആ സ്ഥിതിയല്ല. ഇക്കാലത്ത് ബോട്ടോക്സ്, ഫില്ലർ തുടങ്ങിയ സൗന്ദര്യ ചികിത്സാരീതികൾ ഉപയോഗിക്കുന്നതു പോലും വളരെ സാധാരണമായി മാറിക്കഴിഞ്ഞു. മുഖത്തെ ചുളിവുകൾ മായ്ക്കാനും സൗന്ദര്യം കൂട്ടാനും എല്ലാം ഇത്തരം ചികിത്സകൾ സഹായിക്കും.
എന്നാൽ ഇവയുടെ അമിത ഉപയോഗം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നതും നമുക്കറിയാം. ഇപ്പോഴിതാ താൻ ബോട്ടോക്സിനും ഫില്ലേഴ്സിനും അടിമയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ യുവതി. ’ ഫെറ്റിഷ് ബാർബി’ എന്ന യൂസർനെയിമുള്ള യുവതി ഇൻസ്റ്റഗ്രാമിൽ ആണ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബോട്ടോക്സ് ഒന്നിധികം തവണ പരീക്ഷിച്ചതിലൂടെ തന്റെ ചുണ്ടുകള്‍ക്ക് സാധാരണയില്‍ അധികം വലിപ്പവും ഒപ്പം മനോഹരമായ കവിള്‍ത്തടങ്ങളും ലഭിച്ചതായി യുവതി പറഞ്ഞു.
തന്റെ കൗമാരപ്രായത്തിൽ ഫെറ്റിഷ് ബാർബി ഇരുണ്ട മേക്കപ്പും നിരവധി കാതുകുത്തലുകളും മറ്റും ചെയ്തിരുന്നു. അതിനുശേഷമാണ് ബോട്ടോക്സും ഫില്ലേഴ്സും വരുത്തുന്ന രൂപവ്യത്യാസത്തെക്കുറിച്ച് ഇവർ മനസ്സിലാക്കുന്നത്. തുടർന്ന് കവിളിലും മൂക്കിലും ചുണ്ടുകളിലും പലതവണയായി ഫില്ലർ ഇൻജെക്ഷനുകള്‍ എടുക്കുകയും ചെയ്തു. ഇക്കൊല്ലം ഫെബ്രുവരിയില്‍ നടന്ന ലുക്ക് ഷോ എന്ന ഒരു പരിപാടിയിലാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അതോടൊപ്പം മുഖത്തെ ചുളിവുകള്‍ മാറ്റാനായി ബോട്ടോക്സും ചെയ്തു. നിലവിൽ ഒരു സാധാരണ വ്യക്തിയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ചുണ്ടുകൾ ഉണ്ടെങ്കിലും ഇനിയും കൂടുതൽ വലിപ്പമുള്ള ചുണ്ടുകൾ വേണമെന്നാണ് തന്റെ ആഗ്രഹം എന്നും ഇവർ പറയുന്നു. താൻ ഫില്ലേഴ്സ്, ബോട്ടോക്സ് തുടങ്ങിയ ചികിത്സകൾക്ക് നൂറ് ശതമാനം അടിമയാണെന്നും യുവതി തുറന്നുപറഞ്ഞു. ഈ രൂപം നിലനിർത്താൻ യുവതി മൂന്നുമാസം കൂടുമ്പോൾ ഫില്ലർ ഇൻജെക്ഷൻ എടുക്കുന്നു. ഇവയ്ക്ക് വേണ്ടി താൻ 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ചെലവഴിച്ചിട്ടുണ്ടെന്നും ഫെറ്റിഷ് ബാർബി പറഞ്ഞു.
“ഏകദേശം 12 വയസ്സുള്ളപ്പോൾ മുതൽ രൂപം മാറ്റുന്ന സൗന്ദര്യ ചികിത്സകളിൽ താല്പര്യമുണ്ടായിരുന്നു. അമേരിക്കൻ മോഡലും ഗായികയുമായ അമൻഡ ലെപോർ, നടൻ മേസൺ മൂർ തുടങ്ങിയവരുടെയെല്ലാം സൗന്ദര്യവും ഇക്കാര്യത്തിൽ തന്നെ കൂടുതൽ ആകർഷിച്ചിട്ടുണ്ട്. എങ്കിലും മറ്റുള്ളവരെ പോലെ ആകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഞാൻ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു” ടിജിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവർ പറഞ്ഞു.
ഒരു പാവയെ പോലെ തോന്നിപ്പിക്കാനാണ് താനാഗ്രഹിക്കുന്നതെങ്കിലും തന്നെ മറ്റുള്ളവർ ഒരു സാധാരണ വ്യക്തിയായി കാണണമെന്നും യുവതി കൂട്ടിച്ചേർത്തു. നേരത്തെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർ തന്നെ അംഗീകരിച്ചുവെന്നും ഫെറ്റിഷ് ബാർബി പറയുന്നു.