രാത്രി വൈകി ഉറങ്ങുന്നതും പകല്‍ അര മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തല്‍.
അതുപോലെ കൂര്‍ക്കംവലിക്കുന്നതും ഫാറ്റിലിവര്‍ രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഗ്വാങ്‌സോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
രാത്രിയില്‍ ഉറക്കം തടസ്സപ്പെടുന്നവര്‍ക്കും പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നവര്‍ക്കും ഫാറ്റിലിവര്‍ രോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് അധികമാണെന്ന് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഉറക്കത്തിന്റെ നിലവാരം മിതമായ തോതില്‍ മെച്ചപ്പെട്ടാല്‍ കൂടി ഫാറ്റിലിവര്‍ രോഗസാധ്യത 29 ശതമാനം കുറയുമെന്നും ഗവേഷകര്‍ പറയുന്നു.
ലോകത്തില്‍ നാലിലൊരാളെ ഫാറ്റിലിവര്‍ രോഗം ബാധിക്കുമെന്ന് ചില ഗവേഷണ റിപ്പോര്‍ട്ടുകള്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. 30-79 പ്രായവിഭാഗത്തിലുള്ള 5430 പേരിലാണ് ചൈനയിലെ ഗവേഷകര്‍ പഠനം നടത്തിയത്. പിറ്റ്‌സ്ബര്‍ഗ് സ്ലീപ് ക്വാളിറ്റി ഇന്‍ഡെക്‌സ് ചോദ്യാവലി ഉപയോഗിച്ചാണ് ഇവരുടെ ഉറക്കത്തിന്റെ നിലവാരം അളന്നത്. അലസമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്കും അമിതഭാരം ഉള്ളവര്‍ക്കും ഉറക്കത്തിന്റെ നിലവാരം പൊതുവേ കുറവായിരിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ പോലും തങ്ങളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഫാറ്റിലിവര്‍ രോഗസാധ്യത കുറയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗ്വാങ്‌സോ സര്‍വകലാശാലയിലെ ഗവേഷകന്‍ യാന്‍ ലിയു പറയുന്നു. ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തേണ്ട മാര്‍ഗങ്ങളെ കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.