ഇന്ത്യയില്‍ പകുതിയോളം പേര്‍ക്ക് ഫാറ്റിലിവര്‍ രോഗമോ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മുതിര്‍ന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു.
ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ പലപ്പോഴും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് ചിലരില്‍ ഇത് ഗുരുതരമായ കരള്‍രോഗമായി മാറുന്നു.
ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണം ആണ് ഫാറ്റിലിവര്‍ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു കാരണം എന്ന് എയിംസിലെ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം തലവന്‍ ഡോ. അനൂപ് സരയ പറയുന്നു. അതായത് ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവും ചടഞ്ഞുകൂടിയുള്ളതുമായ ജീവിതശൈലിയും ആണ് രോഗകാരണം.
പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പോലെ തന്നെയാണ് ഇതും. നിലവില്‍ ഫാറ്റിലിവറിന് മരുന്ന് ചികിത്സ ഒന്നും ഇല്ല. എന്നാല്‍ ഈ അവസ്ഥ മാറുന്നതാണ്. ഡോക്ടര്‍ പറയുന്നു.
രോഗത്തെ അകറ്റാനുള്ള വഴി എന്നത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. പൊണ്ണത്തടി ഉള്ളവര്‍ ശരിയായ ഭക്ഷണരീതിയിലൂടെയും ജങ്ക്ഫുഡ് ഒഴിവാക്കിയും മധുരം ചേര്‍ന്ന ഭക്ഷണം ഒഴിവാക്കിയും ശരീരഭാരം കുറയ്ക്കുന്നത് രോഗസാധ്യതയും കുറയ്ക്കും. ഇന്ത്യയില്‍ കരള്‍രോഗത്തിന് പ്രധാന കാരണം മദ്യപാനം ആണ്. മദ്യപാനികള്‍ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവര്‍ കാന്‍സറിനും മരണത്തിനും കാരണമാകുന്നു.
രോഗം വരാതിരിക്കണമെങ്കില്‍ മദ്യം ഒഴിവാക്കുക. കരളിന് മദ്യം ഒട്ടും സുരക്ഷിതമല്ല. ചില മരുന്നുകളും സുരക്ഷിതമല്ല.
എയിംസ് നടത്തിയ ഒരു പഠനത്തില്‍ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളില്‍ 67 ശതമാനം പേര്‍ കരളിനു ക്ഷതം സംഭവിച്ച് മരണമടഞ്ഞതായി കണ്ടു. ഇവരില്‍ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്