ലണ്ടന്‍: പതിനേഴു മണിക്കൂര്‍ നീണ്ട സുദീര്‍ഘമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി ഗര്‍ഭപാത്രം മാറ്റി വച്ച് ബ്രിട്ടനിലെ സര്‍ജന്‍മാരുടെ സംഘം. 34 വയസ്സുള്ള യുവതിക്ക് 40 വയസ്സുള്ള സഹോദരി നല്‍കിയ ഗര്‍ഭപാത്രമാണ് ഫെബ്രുവരി ആദ്യവാരം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്.
അവയവ ദാദാവും സ്വീകര്‍ത്താവും അതിവേഗം സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു മുമ്പേ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് സൂക്ഷിച്ചിരിക്കുന്ന ഭ്രൂണം (എംബ്രിയോ) ഉപയോഗിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഐ.വി.എഫ് ചികില്‍സയിലൂടെ ഗര്‍ഭം ധരിക്കാനുള്ള ഒരുക്കത്തിലാണ് സഹോദരിയില്‍നിന്നും ഗര്‍ഭപാത്രം ലഭിച്ച ഈ ഭാഗ്യവതി.

ഓക്‌സ്‌ഫെഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം ഈ ചരിത്ര നേട്ടം കൈവരിച്ചത്. 25 വര്‍ഷത്തിലധികമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതില്‍ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കല്‍ സര്‍ജന്‍ പ്രഫ. റിച്ചാര്‍ഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്.
പൂര്‍ണമായും വികസിക്കാത്ത ഗര്‍ഭപാത്രത്തോടുകൂടി ജനിച്ചയാളായിരുന്നു ഈ യുവതി. എന്നാല്‍ ഇവരുടെ ഓവറികള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍ ശസ്ത്രക്രിയയ്ക്കു മുമ്പ് ഫെര്‍ട്ടിലിറ്റി ചികില്‍സയിലൂടെ എട്ട് എംബ്രിയോകളാണ് (ഭ്രൂണം) യുവതിയും ഭര്‍ത്താവും ഒരു കുഞ്ഞിനായി സ്റ്റോര്‍ ചെയ്തിട്ടുള്ളത്. സഹോദരിക്ക് ഗര്‍ഭപാത്രം ദാനം ചെയ്ത യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്.
25,000 പൌണ്ടാണ് (ഏകദേശം 25 ലക്ഷം രൂപ) ശസ്ത്രക്രിയയ്ക്ക് ചെലവായ തുക.