ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത് മങ്കിപോക്‌സിന്റെ ഏറ്റവും അപകടകരമായ ജനിതക വ്യതിയാനം വന്ന വൈറസെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ യൂറോപ്യന്‍ പൗരനിലാണ് മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയത്. വകഭേദം ഏതാണെന്നറിയാന്‍ ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്ന് തായ്‌ലന്‍ഡ് പകര്‍ച്ച വ്യാധി പ്രതിരോധ വകുപ്പ് മേധാവി തോങ്ചായ് കീരത്തിഹട്ടായ കോന്‍ അറിയിച്ചു. തായ്‌ലന്‍ഡില്‍ കണ്ടെത്തിയത് ഏറ്റവും അപകടകാരിയായ മങ്കിപോക്‌സ് വൈറസാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആഫ്രിക്കയില്‍ നിന്ന് ആഗസ്റ്റ് 14നാണ് സന്ദര്‍ശകന്‍ തായ്‌ലന്‍ഡിലെത്തിയത്. ആഫ്രിക്കയിലെ ഏത് രാജ്യത്ത് നിന്നാണെന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. മരുന്നുകളുടെയും വാക്‌സിനുകളുടെയും ലഭ്യതക്കുറവായിരുന്നു കോവിഡ് 19 ഗുരുതരമാകാന്‍ കാരണം. ആ സ്ഥിതി മങ്കിപോക്‌സിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
1970 കളിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്. അന്നൊന്നും അവിടേക്ക് കാര്യമായ ശ്രദ്ധ പതിഞ്ഞിരുന്നില്ല. മങ്കിപോക്‌സ് അപകടകാരിയായ വൈറസാണെന്ന് സ്ഥിരീകരിച്ചിട്ടും അടുത്തുകാലം വരെ അവിടേക്ക് വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള നടപടികളായില്ല.
മങ്കിപോക്‌സിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയ വകഭേദത്തിന് മരണസാധ്യത കൂടുതലാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ വൈറസ് പകരാന്‍ സാധ്യതയുണ്ട്. വൈറസ് ശരീരത്തിലെത്തിയാല്‍ നാലു മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. കൈപ്പത്തികള്‍, കാല്‍, മുഖം, വായ എന്നിവിടങ്ങളില്‍ ചിക്കന്‍പോക്‌സിന് സമാനമായ ദ്രവം നിറഞ്ഞ കുരുക്കളാണ് പ്രത്യക്ഷപ്പെടുക. അതോടൊപ്പം പനി, ശരീര വേദന, അമിതമായ ക്ഷീണം എന്നിവയുമുണ്ടാകും.