ചണ്ഡീഗഡ്: ഹരിയാനയിലെ ഗ്രാമത്തില്‍ അജ്ഞാത പനി ബാധിച്ച് 10 ദിവസത്തിനിടെ മരിച്ചത് എട്ട് കുട്ടികള്‍. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി പനി പടരുന്നത്. 44 പേരെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
പനിയുടെ കാരണം ആരോഗ്യവിഭാഗത്തിന് കൃത്യമായി തിരിച്ചറിയാനായിട്ടില്ലെങ്കിലും ഡെങ്കിപ്പനിയാവാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പനിബാധിച്ച് ആശുപത്രിയിലുള്ളവരില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവുള്ളതും ഡെങ്കി സംശയം ഉയര്‍ത്തുന്നുണ്ട്.
ഡെങ്കിപ്പനിയെ കരുതിയിരിക്കാനും ശുചിത്വം പാലിക്കാനുമുള്ള മുന്‍കരുതലുമായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പനിയുടെ കാരണം സ്ഥിരീകരിക്കാനുള്ള പരിശോധനകളും നടത്തുന്നതായി മെഡിക്കല്‍ ഓഫിസര്‍ വിജയകുമാര്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ കുട്ടികളുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. എട്ട് കുട്ടികള്‍ ഇതുവരെ മരിച്ചു. മലിനജലം കാരണമാകാം ഇത്. എന്നാല്‍, ഡെങ്കിപ്പനി പരിശോധന നടത്തിയിട്ടില്ല. ആശ വര്‍ക്കര്‍മാര്‍ അവരുടെ സെന്ററില്‍ വരുന്നതല്ലാതെ ഗ്രാമത്തിലേക്ക് ഇറങ്ങുന്നില്ല. ആരോഗ്യ സൗകര്യമൊന്നും ഇവിടെ ഒരുക്കുന്നില്ല ചില്ലി ഗ്രാമത്തലവന് നരേഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം, വൈറല്‍ പനിയാണെങ്കിലും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുമെന്ന് അധികൃതര്‍ പറയുന്നു. പനിയുടെ കാരണം കണ്ടെത്താന്‍ വിശദപരിശോധനക്കൊരുങ്ങുകയാണ്.