കൊല്‍ക്കത്ത: ലോകത്ത് ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളുടെ 20 ശതമാനം ഉണ്ടാകുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. എവരി ബീറ്റ് കൗണ്ട്സ് എന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത് ബിഎം ബിര്‍ള ഹാര്‍ട്ട് ആശുപത്രിയാണ്. ഹൃദയ സംബന്ധിയായ രോഗങ്ങള്‍ രാജ്യത്ത് കൂടുന്നുവെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.
രാജ്യത്ത് ഒന്‍പത് കോടിയോളം ആളുകള്‍ക്കാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളത്. കാര്‍ഡിയോ വാസ്‌കുലര്‍ രോഗം മൂലമുള്ള മരണനിരക്ക് ആഗോള ശരാശരിയെക്കാള്‍ ഇന്ത്യയില്‍ ഉയര്‍ന്നതാണ്. രാജ്യത്ത് ഒരുലക്ഷത്തിന് 272 എന്ന നിലയ്ക്കാണ് മരണനിരക്ക്. ആഗോളതലത്തില്‍ ഇത് 235 ആണ്. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ഈ നിരക്കില്‍ മാറ്റങ്ങളുണ്ട്. പട്ടണത്തില്‍ ഇത് 450-ഉം ഗ്രാമപ്രദേശത്ത് ഇത് 200- ഉം ആണ്.
ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി അടിയുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഇന്ത്യയിലുണ്ടാകുന്ന 24.5 ശതമാനം മരണങ്ങളുടെ പ്രധാന കാരണം കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങളാണ്. അതേസമയം, പശ്ചിമബംഗാളിലും പഞ്ചാബിലും ഇത് 35 ശതമാനത്തോളമാണ്.
രാജ്യത്ത് രണ്ടരലക്ഷം ഇന്ത്യക്കാര്‍ക്ക് ഒരു കാര്‍ഡിയോളജിസ്റ്റ് എന്ന നിലയിലാണുള്ളത്. അതേസമയം, അമേരിക്കയില്‍ ഇത് 7,300 പേര്‍ക്ക് ഒരു കാര്‍ഡിയോളജിസ്റ്റ് എന്ന നിലയിലാണ്. യുവാക്കളെയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നു. ഇന്ത്യയിലുണ്ടാകുന്ന 10 ശതമാനം ശിശുമരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണെന്നും പഠനം പറയുന്നു.