വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന ഒരു പ്രശ്നമാണ് ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലുമെന്ന് ലോകാരോഗ്യ സംഘടന. ഏകാന്തതയെ നേരിടാനും മനുഷ്യര്‍ തമ്മില്‍ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഒരു പുതിയ കമ്മീഷനും ലോകാരോഗ്യ സംഘടന രൂപം നല്‍കി.
ഏകാന്തതയെന്ന ആഗോള മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളെ കുറിച്ചും സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ജനങ്ങളെ സഹായിക്കുന്ന നയസമീപനങ്ങളെ കുറിച്ചും കമ്മീഷന്‍ പഠിക്കും. ആഫ്രിക്കന്‍ യൂണിയന്‍ യൂത്ത് എന്‍വോയ് ചിയോ എംപെഡയും അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തിയുമാണ് കമ്മീഷന്റെ സംയുക്ത ചെയര്‍മാന്‍മാര്‍.
ഏകാന്തതയെന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനുള്ള നിരവധി നടപടികള്‍ പൊതുജനാരോഗ്യ മേഖലയില്‍ ലോകമെങ്ങും നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡോ. റൂത്ത വെസ്തിമറിനെ തങ്ങളുടെ പ്രഥമ ലോണ്‍ലിനെസ്സ് അംബാസഡറായി നിയമിച്ചിരുന്നു. യുകെയാകട്ടെ 2018ല്‍ ഏകാന്തതയെ അഭിസംബോധന ചെയ്യുന്നതിന് ഒരു മന്ത്രാലയം തന്നെ രൂപീകരിച്ചു.
സാമൂഹിക ബന്ധങ്ങളില്‍ ഉണ്ടാകുന്ന ഇടിവ് മോശം മാനസികാരോഗ്യത്തിനു കാരണമാകുമെന്നും ഉത്കണ്ഠയ്ക്കും വിഷാദത്തിനും ആത്മഹത്യയ്ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും മോശം മാനസികാവസ്ഥയിലേക്കു നയിക്കുന്നു. ആവശ്യത്തിനു സാമൂഹിക ബന്ധങ്ങളില്ലാത്തവര്‍ അകാലത്തില്‍ മരണപ്പെടാനും സാധ്യത അധികമാണ്. മോശം പ്രതിരോധ ശേഷി, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുമായും ഏകാന്തത ബന്ധപ്പെട്ടിരിക്കുന്നു. ഇത്
പക്ഷാഘാത സാധ്യത 30 ശതമാനവും മറവിരോഗ സാധ്യത 50 ശതമാനവും വര്‍ദ്ധിപ്പിക്കുന്നു. പുകവലി, മദ്യപാനം, അലസമായ ജീവിതശൈലി എന്നിവയും ഒറ്റപ്പെട്ട് ജീവിക്കുന്നവരില്‍ അധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിവസം 15 സിഗരറ്റ് പുകയ്ക്കുന്നതിനു സമാനമായ പ്രശ്നങ്ങളാണ് ഏകാന്തത ശരീരത്തിന്റെ ആരോഗ്യത്തിനു നല്‍കുന്നതെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക ഒറ്റപ്പെടലിനെയും ഏകാന്തതയെയും കുറിച്ചുള്ള പല പഠനങ്ങളും മുതിര്‍ന്നവരെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കു മാത്രമല്ല ഏകാന്തതയെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നാലില്‍ ഒരാളെന്ന കണക്കില്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് 142 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ പോലും ഇതില്‍ നിന്ന് മുക്തരല്ല. കുട്ടികളിലും കൗമാരക്കാരിലും പാതിയിലധികം പേര്‍ക്ക് ചിലപ്പോഴെങ്കിലും ഏകാന്തത നേരിടേണ്ടി വരുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
ഏകാന്തതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതില്‍ കോവിഡ് മഹാമാരിക്കും പങ്കുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള യുവാക്കളുടെ ഹൈപ്പര്‍ കണക്ടീവിറ്റി തങ്ങളുടെ കാഴ്ചപ്പാടുകളുമായി പൊരുത്തമില്ലാത്തവരുമായുള്ള അവരുടെ ഇടപെടലുകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.