അപൂര്‍വമായ നാഡീ രോഗമായ ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം ബാധിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നു. ചലിക്കാനാകാതെ കോമയില്‍ കിടന്ന കാലത്തെ തന്റെ അനുഭവങ്ങള്‍ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ യുഎസ് സ്വദേശിയായ ജേക്ക് ഹാന്‍ഡേല്‍ വിവരിച്ചു. 2017 മേയിലാണ് ജേക്ക് വിചിത്രമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുന്നതിനൊപ്പം ശരീരത്തിന് ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. ആദ്യം രോഗം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഏറെ നാളത്തെ പരിശോധനകള്‍ക്ക് ശേഷം ടോക്‌സിക് അക്യൂട്ട് പ്രോഗ്രസീവ് ല്യൂക്കോ എന്‍സെഫലോപ്പതിയാണെന്ന് തിരിച്ചറിഞ്ഞു. ഹെറോയില്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണിത്. ഏകദേശം പത്ത് മാസത്തോളമാണ് ജേക്ക് കോമയിൽ കിടന്നത്.
ലോക്ക്ഡ് ഇന്‍-സിന്‍ഡ്രോം എന്നാല്‍ എന്ത്?
ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം പൂര്‍ണമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസോര്‍ഡേഴ്‌സ്(എന്‍ഒആര്‍ഡ്) പറയുന്നു. ഈ രോഗം ബാധിച്ചവര്‍ക്ക് കണ്ണുകള്‍ തുറക്കാനും അടയ്ക്കാനും കഴിയും. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ അറിയുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരുമായിരിക്കും. എന്നാല്‍, ഇവര്‍ക്ക് സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ കഴിയില്ല. മസ്തിഷ്‌കത്തിനേറ്റ ക്ഷതം മൂലമാണ് സാധാരണയായി ഇത് സംഭവിക്കുക. മിക്കപ്പോഴും സ്‌ട്രോക്ക് വന്നവരിലായിരിക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകുക. എന്നാല്‍, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലമാണ് ജേക്കിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.
തന്റെ ചുറ്റുമുള്ള ആളുകള്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് തനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നതായി ജേക്ക് ഓര്‍ത്തെടുത്തു. അത് തന്നെ കൂടുതല്‍ അസ്വസ്ഥനാക്കിയതായി അദ്ദേഹം പറഞ്ഞു. ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ട ഒരു തടവുകാരനായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ജേക്ക് പറഞ്ഞു. തനിക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും എന്നാല്‍ അത് മറ്റുള്ളവരെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ജേക്ക് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി വിധി എഴുതി. ജീവന്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളെല്ലാം നീക്കി. എന്നാല്‍, ജേക്കിന് ബോധമുണ്ടെന്നും മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിഞ്ഞില്ല. ‘‘മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കണ്ണ് എത്തുന്നിടത്തുമാത്രമുള്ള കാര്യങ്ങളാണ് ഞാന്‍ കണ്ടിരുന്നത്,’’ ജേക്ക് വെളിപ്പെടുത്തി. വായ വരണ്ടുപോകുമ്പോള്‍ പോലും അക്കാര്യം ആരോടും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ലെന്ന് ജേക്ക് വ്യക്തമാക്കി.
ബോസ്റ്റണിലെ സ്‌പോള്‍ഡിംഗ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റലിലെ ഏതാനും മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം സംസാരിക്കാനും നടക്കാനുമുള്ള ശേഷി ജേക്ക് വീണ്ടെടുത്തു. കൈകാലുകള്‍ ചലിപ്പിക്കേണ്ടതും സംസാരശേഷിയുമെല്ലാം ആദ്യം മുതല്‍ പഠിക്കേണ്ടതുണ്ടായിരുന്നു. 2018 സെപ്റ്റംബര്‍ അവസാനത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം മെച്ചപ്പെട്ടു.
രോഗത്തില്‍ നിന്ന് മുക്തി നേടിയ ശേഷം അദ്ദേഹം അഹോയ് എന്ന പേരില്‍ അദ്ദേഹം ഒരു സംഘടന സ്ഥാപിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സഹായിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.
ആളുകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയുമ്പോള്‍ അവരുടെ ചികിത്സയും വീണ്ടെടുക്കലും ഉപേക്ഷിക്കരുതെന്ന് ആഗ്രഹിക്കുന്നതായി ജേക്ക് പറഞ്ഞു.